ആലപ്പുഴ: ചെങ്ങന്നൂരില്‍ സില്‍വര്‍ലൈനുമായി ബന്ധപ്പെട്ടു ജനങ്ങളെ ബോധവത്കരിക്കാന്‍ വീടുകള്‍ കയറിയിറങ്ങി മന്ത്രി സജി ചെറിയാന്‍. കൊഴുവല്ലൂരിലാണ് ജനങ്ങളെ കാണാന്‍ മന്ത്രി ഇരുചക്രവാഹനത്തില്‍ നേരിട്ടെത്തിയത്.
മാധ്യമങ്ങളെ കൂട്ടാതെയായിരുന്നു മന്ത്രിയുടെ സന്ദർശനം. ജനങ്ങളുടെ ഭാഗത്തുനിന്നു കടുത്ത പ്രതികരണങ്ങൾ ഉണ്ടായാൽ അതു മാധ്യമങ്ങളിൽ വലിയ വാർത്തയാകാതിരിക്കാനാണ് മാധ്യമങ്ങളെ സന്ദർശന വിവരം അറിയിക്കാതിരുന്നതെന്നാണ് സൂചന.
സമരക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇവിടെനിന്നു പിഴുതെറിഞ്ഞ ചില അതിരടയാള കല്ലുകള്‍ മന്ത്രി ഇടപെട്ടു പുനഃസ്ഥാപിച്ചു.
താന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ നിങ്ങള്‍ ഈ നാട്ടിൽ തന്നെ താമസിക്കുമെന്നു തങ്കമ്മ എന്ന വയോധികയ്ക്ക് മന്ത്രി ഉറപ്പ് നല്കി. ഇവിടെയല്ലെങ്കില്‍ മറ്റൊരിടത്ത് ഇതിനേക്കാള്‍ നല്ലൊരു വീടുവച്ചു നല്‍കുമെന്നും മന്ത്രി ഉറപ്പ് നല്കി. 20 വീടുകള്‍ മന്ത്രി സന്ദര്‍ശിച്ചു.
കെ റെയിലിനെതിരായ ആരോപണങ്ങളെല്ലാം പ്രതിപക്ഷത്തിനു വിഴുങ്ങേണ്ടി വരും. ചെങ്ങന്നൂരിലെ നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയെന്നും സജി ചെറിയാന്‍ പറഞ്ഞു. എന്നാൽ, മന്ത്രി വന്നു പോയതിനു പിന്നാലെ സ്ഥലത്തെത്തിയ മാധ്യമങ്ങൾ ചില വീട്ടുകാരുടെ പ്രതികരണങ്ങൾ തേടി. മന്ത്രി കാര്യമായ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും വീടും സ്ഥലവും ഉപേക്ഷിച്ചു പോകാൻ തയാറല്ലെന്നും ചിലർ പ്രതികരിച്ചു.