ആന്ധ്രപ്രദേശിലെ മുതിര്‍ന്ന സിപിഎം നേതാവ് മല്ലു സ്വരാജ്യം അന്തരിച്ചു

0

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ മുതിര്‍ന്ന സിപിഎം നേതാവ് മല്ലു സ്വരാജ്യം അന്തരിച്ചു. ഹൈദരാബാദിലെ ബഞ്ചാരാഹില്‍സിലുള്ള കേര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. തെലങ്കാനയിലെ കര്‍ഷകപ്രക്ഷോഭത്തില്‍ സായുധസേനയുടെ കമാന്‍ഡറായിരുന്നു.

1931-ല്‍ തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ ജന്മി കുടുംബത്തിലാണ് മല്ലു സ്വരാജ്യം ജനിച്ചത്.സ്വരാജ്യ മുദ്രാവാക്യമുയര്‍ത്തി ഗാന്ധിജി ആഹ്വാനംചെയ്ത സത്യഗ്രഹത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് മല്ലുവിന് സ്വരാജ്യമെന്ന് പേരിട്ടത്. പതിനൊന്നാം വയസ്സില്‍ തുടങ്ങിയതാണ് മല്ലു സ്വരാജ്യത്തിന്റെ പൊതുപ്രവര്‍ത്തനം. കുടുംബത്തിന്റെ ചട്ടങ്ങള്‍ ധിക്കരിച്ച് തെരുവിലിറങ്ങിയ മല്ലു സ്വരാജ്യം തൊഴിലാളികള്‍ക്ക് അരി വിതരണം ചെയ്തുകൊണ്ടാണ് തെലങ്കാനയിലെ രാഷ്ട്രീയ ഭൂമികയിലേക്ക് കടന്നുവന്നത്. സഹോദരന്‍ ഭീംറെഡ്ഡിയും പിന്നീട് ജീവിതസഖാവായ എം നരസിംഹ റെഡ്ഡിയും തെലങ്കാനയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്നു.

തെലങ്കാനയിലെ കര്‍ഷകപ്രക്ഷോഭത്തില്‍ സായുധസേനയുടെ കമാന്‍ഡര്‍

നൈസാമിന്റെ റസാക്കര്‍ സേനയ്ക്കും ഭൂപ്രഭുക്കളുടെ ഗുണ്ടാപ്പടയ്ക്കുമെതിരെ പൊരുതാന്‍ കര്‍ഷകരുടെ സായുധസേനയെ സജ്ജമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച കമാന്‍ഡറായിരുന്നു ഭീംറെഡ്ഡി. ഇവരുടെ പോരാട്ടങ്ങള്‍ക്കൊപ്പംനിന്ന മല്ലു സ്വരാജ്യം കര്‍ഷകസേനയുടെ സായുധദളത്തിന്റെ നേതൃത്വമേറ്റെടുത്തു. ഈ ഘട്ടത്തില്‍ മല്ലു സ്വരാജ്യത്തിന്റെ തലയ്ക്ക് അധികാരികള്‍ പതിനായിരം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

സായുധപോരാട്ടത്തിനുശേഷം മേഖലയിലെ കര്‍ഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴുകി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രമുഖ നേതാവായി ഉയര്‍ന്നു. നാല്‍ഗൊണ്ട മണ്ഡലത്തില്‍നിന്ന് വിജയിച്ച് പാര്‍ലമെന്റിലുമെത്തി. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിന്റെ 22-ാം പാര്‍ടി കോണ്‍ഗ്രസിന് തെലങ്കാനയുടെ മണ്ണില്‍ പാതാക ഉയര്‍ത്തിയതും മല്ലു സ്വരാജ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here