തൃശൂർ ∙ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് പ്രാഥമിക ഓഹരി വിൽപന(ഐപിഒ)യിലൂടെ 2300 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ടൈറ്റൻ, കല്യാൺ ജ്വല്ലേഴ്സ് എന്നിവയ്ക്കു ശേഷം രാജ്യത്ത് ഓഹരി വിപണിയിൽനിന്നു നിക്ഷേപം സമാഹരിക്കാൻ അപേക്ഷ നൽകുന്ന സ്വർണ വിപണന സ്ഥാപനമാണു ജോയ്ആലുക്കാസ്. ഇതു സംബന്ധിച്ച പ്രാഥമിക രേഖകൾ(ഡ്രാഫ്റ്റ് റെഡ്‌ഹെറിങ് പ്രോസ്പെക്ടസ്–ഡിആർഎച്ച്പി) വിപണിനിയന്ത്രണ ഏജൻസിയായ സെബിക്ക് സമർപ്പിച്ചു.
സമാഹരിക്കുന്ന തുകയിൽനിന്ന് 1500 കോടി ബാങ്കുകളിലെ ബാധ്യത തീർക്കാൻ വിനിയോഗിക്കും. 463.90 കോടി പുതിയ ഷോറൂമുകൾക്കായാണു നിക്ഷേപിക്കുക. ഇപ്പോൾ ജോയ്ആലുക്കാസിനു രാജ്യത്തു 85 ഷോറൂമുകളുണ്ട്. ഓഹരി സമാഹരിക്കുമ്പോൾ നിലവിലെ മാനേജ്മെന്റിന്റെ ഓഹരികൾ വിൽക്കുന്നില്ല. ജോയ്ആലുക്കാസിന്റെ ഇന്ത്യയിലെ ഷോറൂമുകൾ മാത്രം ഉൾപ്പെട്ട കമ്പനിയാണ് ഓഹരി സമാഹരിക്കുന്നത്.