സെക്സ് ചെയ്യാൻ പെണ്ണുങ്ങളോട് അനുവാദം ചോദിക്കാമെന്ന വിനായകന്റെ പ്രസ്താവനയെ തള്ളി കുഞ്ഞില മാസിലാമണി; സെക്സ് ചെയ്യാം എന്ന പ്രപ്പോസൽ മുന്നോട്ട് വയ്ക്കുന്നത് എല്ലാം കൺസന്റ് ചോദിക്കൽ അല്ലെന്നും സംവിധായിക; മീടൂ വിവാദം പുത്തൻ തലങ്ങളിലേക്ക്

0

തിരുവനന്തപുരം: മീടു വിവാദത്തെ തള്ളിയ നടൻ വിനായകന്റെ പ്രതികരണങ്ങളെ വിമർശിച്ച് സംവിധായിക കുഞ്ഞില മാസിലാമണി. നമുക്ക് തമ്മിൽ സെക്സ് ചെയ്യാം എന്ന പ്രപ്പോസൽ മുന്നോട്ട് വയ്ക്കുന്നത് എല്ലാം കൺസന്റ് ചോദിക്കൽ അല്ലെന്ന് കുഞ്ഞില മാസിലാമണി ഫേസ്ബുക്കിൽ കുറിച്ചു. ബോധരഹിത ആയ ഒരാളോട് സെക്സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് കൺസന്റ് ചോദിക്കൽ അല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ജാതിയെ പറ്റി, വർഗ്ഗ രാഷ്ട്രീയത്തെ പറ്റി ഒക്കെ സംസാരിക്കുന്ന വിനായകന് ജെൻഡർ മാത്രം മനസ്സിലാവുന്നില്ലെന്നും കുഞ്ഞില തന്റെ കുറിപ്പിൽ പറയുന്നു.

ഒരുത്തി സിനിമയുടെ വാർത്താസമ്മേളനത്തിനിടെയാണ് വിനായകൻ വിവാദ പരാമർശങ്ങൽ നടത്തിയത്. മീ ടൂ തനിക്ക് എന്താണെന്നറിയില്ലെന്നും ഒരാളോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ അത് ചോദിക്കുമെന്നും വിനായകൻ പറഞ്ഞു. അതിന് മീ ടൂ എന്ന് വിളിക്കുകയാണെങ്കിൽ ഇനിയും അത് ചെയ്യുമെന്നും വിനായകൻ കൂട്ടിച്ചേർത്തു.

ലൈംഗിക അതിക്രമത്തിനെതിരേ സംസാരിക്കുമ്പോൾ പുരുഷന്മാരുടെ ഭാഗത്ത് നിന്ന് ഉയർന്നു കേൾക്കുന്ന പതിവ് ചോദ്യമാണ് വിനായകൻ ചോദിച്ചതെന്നു കുഞ്ഞില കുറിച്ചു. കൺസന്റ് ആണ് പ്രധാനം ആണ് എന്ന് പറയുന്നതും നിങ്ങള് തന്നെ, കൺസെന്റ് ചോദിക്കുമ്പോൾ മീ ടൂ പറയുന്നതും നിങ്ങള് തന്നെ എന്ന പതിവ് കരച്ചിലാണ് ഇത്. നമുക്ക് തമ്മിൽ സെക്സ് ചെയ്യാം എന്ന പ്രപ്പോസൽ മുന്നോട്ട് വയ്ക്കുന്നത് എല്ലാം കൺസന്റ് ചോദിക്കൽ അല്ല. ബോധരഹിത ആയ ഒരാളോട് സെക്സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് കൺസന്റ് ചോദിക്കൽ അല്ലെന്നും കുഞ്ഞില ഫേസ്‌ബുക്കിൽ കുറിച്ചു. പഠിപ്പിക്കുന്ന വിദ്യാർത്ഥിയോട് സെക്സ് ചെയ്യാം എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോൾ ആ കുട്ടിക്ക് നോ പറഞ്ഞാല് മാർക്ക് കുറയുമോ എന്ന ചിന്ത വന്നേക്കാമെന്നുമാണ് കുഞ്ഞില ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്.

കുഞ്ഞില മാസിലാമണിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ:

ലൈംഗിക അതിക്രമത്തിന് എതിരെ സംസാരിക്കുമ്പോൾ എപ്പോഴും ആണുങ്ങളുടെ ഭാഗത്ത് നിന്ന് ഉയർന്ന് കേൾക്കാറുള്ള ഒരു ചോദ്യമാണ് വിനായകൻ ഇവിടെ ചോദിച്ചിരിക്കുന്നത്. ഇത് അത്ര നിഷ്‌കളങ്കമല്ല. ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം എന്ന് തോന്നിയാൽ ചോദിക്കുക അല്ലാതെ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നാണ് അത്. ഇതിൽ എന്താണ് പ്രശ്നം എന്ന് കൊച്ച് കുട്ടികളെ പഠിപ്പിക്കുന്നത് പോലെ ഫെമിനിസ്റ്റുകൾ പഠിപ്പിക്കണം എന്നാണ് പറയുന്നത്.

കൺസന്റ് ആണ് പ്രധാനം ആണ് എന്ന് പറയുന്നതും നിങ്ങള് തന്നെ, കൺസെന്റ് ചോദിക്കുമ്പോൾ മീ ടൂ പറയുന്നതും നിങ്ങള് തന്നെ എന്ന പതിവ് കരച്ചിലാണ് ഇത്.

നമുക്ക് തമ്മിൽ സെക്സ് ചെയ്യാം എന്ന പ്രപ്പോസൽ മുന്നോട്ട് വയ്ക്കുന്നത് എല്ലാം കൺസന്റ് ചോദിക്കൽ അല്ല.

ബോധരഹിത ആയ ഒരാളോട് സെക്സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് കൺസന്റ് ചോദിക്കൽ അല്ല.

പറ്റില്ല എന്ന് പറയാൻ പറ്റാത്ത സമയത്ത്, അല്ലെങ്കിൽ പറയാൻ പറ്റാത്ത പൊസിഷനിൽ ഉള്ള സ്ത്രീയോട് സെക്സ് ചെയ്യാമോ എന്ന് ചോദിക്കുന്നത് കൺസന്റ് ചോദിക്കൽ അല്ല. ഉദാഹരണത്തിന്, പഠിപ്പിക്കുന്ന വിദ്യാർത്ഥിയോട് സെക്സ് ചെയ്യാം എന്ന ആശയം മുന്നോട്ട് വയ്ക്കുമ്പോൾ ആ കുട്ടിക്ക് നോ പറഞ്ഞാല് മാർക്ക് കുറയുമോ എന്ന ചിന്ത വന്നേക്കാം.

മറ്റെയാളെ അസ്വസ്ഥരാക്കും വിധം അല്ലെങ്കിൽ അപമാനിക്കും വിധം അനുവാദം ചോദിക്കുന്നത് അനുവാദം ചോദിക്കൽ അല്ല. ബസ്സ് കാത്ത് നിൽക്കുന്ന സ്ത്രീയോട് എന്താണ് റേറ്റ് എന്ന് ചോദിക്കുന്നത്, ഇൻബോക്സിൽ വന്ന് കൊടുക്കുമോ എന്ന് ചോദിക്കുന്നത് അനുവാദം എന്ന ഉദ്ദേശ്യം വെച്ച് ഉള്ളത് അല്ല. അപമാനിക്കുക എന്നുള്ള ഉദ്ദേശ്യം വെച്ചുള്ളത് ആണ്.

ഏറ്റവും അവസാനം, പ്രസ് മീറ്റിൽ ഇരുന്ന ഒരു സ്ത്രീയെ ചൂണ്ടി, ആണെന്ന് തോന്നുന്നു, വിനായകൻ പറഞ്ഞ കാര്യവും എന്നെ സംബന്ധിച്ച് ഹരാസ്മെന്റ് ആണ്. അവർ അവിടെ അവരുടെ ജോലി ചെയ്യാൻ വന്ന ഒരു സ്ത്രീയാണ്. അവർ സ്ത്രീ ആയതുകൊണ്ട് മാത്രം അവിടെ ഒരു ഉദാഹരണം ആക്കപ്പെടുന്നു. അവർക്ക് താൽപര്യം ഇല്ലാത്ത ഒരു ഇമാജിനറി സിനറിയോ – വിനായകൻ എന്ന വ്യക്തിക്ക് തന്നോട് കൂടി സെക്സ് ചെയ്യാൻ താൽപര്യം ഉണ്ട് – എന്നുള്ള ഒരു സിനാരിയോ പരസ്യമായി ആളുകളുടെ മുമ്പിൽ ഇടുന്നു.

ആണുങ്ങളായ ചോദ്യം ചോദിച്ച പത്രപ്രവർത്തകരോട് വിനായകൻ ചോദിച്ച പല ചോദ്യങ്ങളും ഇത്തരത്തിൽ പ്രൈവസിയുടെ വയലേഷനും ഹരാസ്മെന്റും ആണ്. ഭാര്യ അല്ലാത്ത ആരും ആയും ലൈംഗിക ബന്ധം ഇല്ലേ? തുടങ്ങിയ ചോദ്യങ്ങൾ. അതിന് ഉയരുന്ന ചിരി ലക്ഷ്യം വെച്ചുകൊണ്ട് ഉള്ള ഒരു ആൺ തമാശയാണ് ഇത്. ഇത്തരത്തിൽ ആണുങ്ങളെ ഹരാസ് ചെയ്യുന്ന രീതി ഭയങ്കര മാച്ചോ ഇടങ്ങളിൽ ഞാൻ മുമ്പും കണ്ടിട്ടുണ്ട് – നീ ആദ്യം വിർജിനിറ്റി കളഞ്ഞിട്ട് വാ, എന്നിട്ട് സിനിമ സംസാരിച്ചാൽ മതി, എത്ര സ്ത്രീകളോട് കൂടി കിടന്നിട്ടുണ്ട് എന്നതിന്റെ ഉത്തരം അനുസരിച്ച് അഭിപ്രായത്തിന് വില കൊടുക്കുക മുതലായവ.

ജാതിയെ പറ്റി, വർഗ്ഗ രാഷ്ട്രീയത്തെ പറ്റി ഒക്കെ സംസാരിക്കുന്ന വിനായകന് ജെൻഡർ മാത്രം മനസ്സിലാവുന്നില്ല എന്നുള്ളത് അത് അയാളെ കുടുക്കുന്നതുകൊണ്ട് തന്നെയാണ്. സ്വയം തിരുത്താൻ അയാള് തയ്യാറല്ലാത്തതുകൊണ്ട് തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here