സിൽവർലൈൻ പ്രതിഷേധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം നടന്നത് അടി കിട്ടേണ്ട സമരമെന്ന് കോടിയേരി ബാലകൃഷ്ണൻ

0

മലപ്പുറം ∙ സിൽവർലൈൻ പ്രതിഷേധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം നടന്നത് അടി കിട്ടേണ്ട സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലക്ടറേറ്റിനുള്ളിൽക്കയറി കല്ലിടുക, സെക്രട്ടേറിയറ്റിനുള്ളിൽ കല്ലിടുക എന്നിങ്ങനെ ശരിക്കും അടി കിട്ടേണ്ട സമരമാണ് നടന്നത്. പൊലീസ് സംയമനം പാലിക്കുകയായിരുന്നു. സമരക്കാർ എടുത്തുകൊണ്ടു പോയതുകൊണ്ട് കേരളത്തിൽ കല്ലിന് ക്ഷാമമൊന്നുമില്ല. ഇനി കേരളത്തിൽ ഇല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന് കല്ലിടുക തന്നെ ചെയ്യും. സിൽവർലൈൻ വിഷയത്തിൽ മലപ്പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയതിനു ശേഷം മാത്രമേ ഭൂമിയേറ്റെടുക്കുകയുള്ളൂ. കേന്ദ്രം അംഗീകരിച്ച കാര്യങ്ങളേ ഇവിടെ നടക്കുന്നുള്ളൂ. സർവേ നടത്താനും ഡിപിആർ തയാറാക്കാനും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള അനുമതി ഹൈക്കോടതിയിൽ ചോദ്യം ചെയ്തെങ്കിലും നടന്നില്ല. ഇപ്പോൾ നടക്കുന്ന സമരം ഹൈക്കോടതി വിധിക്കെതിരായുള്ള സമരമാണ്. വിമോചന സമരമൊന്നും ഇനി ഇവിടെ നടക്കില്ലെന്നും കോടിയേരി പറഞ്ഞു.

സമരം നടത്തുന്നത് വിവരദോഷികൾ: ഇ.പി.ജയരാജൻ

കണ്ണൂർ ∙ വി.ഡി.സതീശനു വേറെ പണിയൊന്നുമില്ലെങ്കിൽ സർവേക്കല്ല് പിഴുതെടുത്തു നടക്കട്ടെ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു ജയരാജൻ. കോൺഗ്രസുകാർ രാജ്യത്തിനു വേണ്ടി ചിന്തിക്കുന്നവരല്ല. സമരത്തിനു പിന്നിൽ ആളുകളും ഇല്ല. കുറച്ചു ‘റെഡിമെയ്ഡ് ആളുകളെ’ കൊണ്ടുവന്ന് പ്രശ്നമുണ്ടാക്കി പൊലീസിനെ ആക്ട് ചെയ്യിപ്പിക്കാനും അക്രമം ഉണ്ടാക്കാനും നോക്കുന്നുവെന്നേയുള്ളു. സിൽവർലൈൻ വിരുദ്ധ സമരത്തിൽ ജനങ്ങളില്ല. തെക്കുവടക്കു നടക്കുന്ന കുറച്ചു വിവരദോഷികൾ മാത്രമാണുള്ളത്. കോൺഗ്രസിന്റെ നേതൃത്വം അറുവഷളന്മാരുടെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല അനുഭവം ആവർത്തിക്കുമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം∙ സിൽവർലൈൻ വിരുദ്ധ സമരത്തോടു മുഖ്യമന്ത്രിക്കു ഭീഷണിയുടെ സ്വരമാണെന്നും ശബരിമലയിലെ അനുഭവം ഈ സമരത്തിലും സർക്കാർ നേരിടേണ്ടി വരുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

വിഭാഗീയത ഉണ്ടാക്കി സമരത്തെ പൊളിക്കാൻ ആസൂത്രിത നീക്കമാണു സർക്കാർ നടത്തുന്നത്. ഇതുപക്ഷേ ജാതി-മത രാഷ്ട്രീയത്തിനുപരി ജനങ്ങളുടെ സമരമാണ്. ജാതിയും മതവും പറഞ്ഞു ജനങ്ങളെ ഭിന്നിപ്പിക്കാമെന്ന നിലപാടു വിലപ്പോവില്ല. മുസ്‌ലിംകളും ക്രിസ്ത്യാനികളും ബിജെപിക്കൊപ്പം രംഗത്തു വരുന്നതിന്റെ കെറുവാണു സർക്കാരിന്. സിൽവർലൈനിനു കേന്ദ്രാനുമതി ലഭിക്കുമെന്നു പറയുന്നതു വ്യാജപ്രചാരണം മാത്രമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here