സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണം; രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍

0

റിയാദ്: സൗദിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ തൊഴില്‍ സ്വദേശിവത്കരണം രണ്ടാം ഘട്ടം തിങ്കളാഴ്ച മുതല്‍ നടപ്പായി. ഒരു വര്‍ഷത്തെ സമയപരിധിക്ക് ശേഷമാണ് പദ്ധതി മാനവ ശേഷി വിഭവ മന്ത്രാലയം നടപ്പാക്കുന്നത്. 300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കുറയാത്ത മിനി സൂപ്പര്‍മാര്‍ക്കറ്റുകളും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത സെന്‍ട്രല്‍ മാര്‍ക്കറ്റുകളും സൗദിവത്കരണ പരിധിയില്‍ വരും. പാക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍, ശരീര സംരക്ഷണ ഉപകരണങ്ങള്‍, ക്ലീനിംഗ് വസ്തുക്കള്‍, പ്ലാസ്റ്റിക്, പേപ്പര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളെയാണ് പ്രധാനമായും സൗദിവത്കരണം ബാധിക്കുക.

ഇത്തരം സ്ഥാപനങ്ങളില്‍ ഡിപ്പാര്‍ട്ട്മെന്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഇതുവരെ 50 ശതമാനം വിദേശികളെ നിയമിക്കാമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഈ തസ്തികയില്‍ പൂര്‍ണമായും സൗദികളെ നിയമിക്കണം. ഡിപ്പാര്‍ട്ട്മെന്റ് മാനേജര്‍, ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍, ബ്രാഞ്ച് മാനേജര്‍ എന്നീ തസ്തികകളില്‍ 50 ശതമാനമാണ് സൗദിവത്കരണം നിര്‍ബന്ധമുള്ളത്. കസ്റ്റമര്‍ അക്കൗണ്ടന്റ്, കാഷ് കൗണ്ടര്‍ സൂപ്പര്‍വൈസര്‍, കസ്റ്റമര്‍ സര്‍വീസ് എന്നീ തസ്തികകള്‍ കഴിഞ്ഞ ഒക്ടോബറിലെ ഒന്നാം ഘട്ടത്തില്‍ തന്നെ സമ്പൂര്‍ണ സൗദിവത്കരണം നടപ്പാക്കിയതാണ്. എന്നാല്‍ കടകളിലെ റാക്കുകള്‍ ക്രമീകരിക്കുന്നതിന് വിദേശികളെ നിയമിക്കാവുന്നതാണ്.

ഈ മേഖലയില്‍ സൗദിവത്കരണം നിര്‍ബന്ധമില്ല. അതേസമയം 300 ചതുരശ്ര മീറ്ററില്‍ കുറവുള്ള മിനി സൂപ്പര്‍മാര്‍ക്കെറ്റുകള്‍ക്കും 500 ചതുരശ്ര മീറ്ററില്‍ കുറവുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റുകള്‍ക്കും ഈ വ്യവസ്ഥ ഇപ്പോള്‍ ബാധകമല്ല. തൊഴിലന്വേഷകരായ സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പാക്കുക, അവര്‍ക്ക് പരിശീലനം നല്‍കുക, തൊഴില്‍ സ്ഥിരതക്ക് അവസരം നല്‍കുക എന്നിവ മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മാനവശേഷി മന്ത്രാലയം വിശദീകരിച്ചു.

Leave a Reply