ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

0

ന്യൂഡൽഹി∙ ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റാണ് ജെബി മേത്തര്‍. സ്ഥാനാർഥിത്വത്തിനു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകി. ഒരു സീറ്റിലേക്ക് ഡസനിലേറെ പേരുകൾ ഉയർന്നതോടെ ചർച്ചകൾ സമവായമാകാതെ നീണ്ടു പോയിരുന്നു. തുടർന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മൂന്നു പേരുകൾ ഉൾപ്പെടുന്ന പട്ടിക ഹൈക്കമാൻഡിന് കൈമാറിയത്. എം.ലിജു, ജെയ്സൻ ജോസഫ് എന്നിവരായിരുന്നു പട്ടികയിൽ ഉൾപ്പെട്ട മറ്റുള്ളവർ.

സംസ്ഥാനത്ത് ചർച്ച നടത്തുന്നതിന് മുൻപ് എം.ലിജുവിനായി കെ.സുധാകരൻ നേരിട്ട് ഡൽഹിയിൽ സമ്മർദം ചെലുത്തിയത് ശരിയായില്ലെന്ന വിമർശനം ഉയർന്നിരുന്നു. കെ.സുധാകരന്റെ നോമിനികളായി എം.ലിജു, ജെ.ജയന്ത്, വി.ഡി.സതീശന്റെ മനസ്സിലുള്ള വി.എസ്.ജോയി, ജെബി മേത്തർ, കെ.സി.വേണുഗോപാലിന്റെ നോമിനിയായി ജോൺസൻ എബ്രഹാം, എ ഗ്രൂപ്പ് മുന്നോട്ടുവച്ച ജെയ്സൻ ജോസഫ്, സോണി സെബാസ്റ്റ്യൻ തുടങ്ങിയവരുടെ പേരുകളാണ് പട്ടിക കൈമാറുന്നതിന് തൊട്ടുമുൻപ് വരെ സജീവമായി പരിഗണിക്കപ്പെട്ടിരുന്നത്.

ജ്യോതി വിജയകുമാറിനെയോ ഷമ മുഹമ്മദിനെയോ ഹൈക്കമാൻഡ് പരിഗണിക്കുമെന്നും സൂചനയുണ്ടായിരുന്നു. തോറ്റവരെ മാറ്റിനിർത്തുന്നത് ഉൾപ്പെടെ മാനദണ്ഡങ്ങൾ കേരളത്തിൽ ചർച്ച ചെയ്തു അന്തിമമാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചിരുന്നെങ്കിൽ സമവായമായിരുന്നില്ല. എൽഡിഎഫ് സ്ഥാനാർഥികൾ നാമനിർദേശപ്രതിക നൽകിയിട്ടും കോൺഗ്രസ് സ്ഥാനാർഥി നിർണയം നീണ്ടുപോയതിൽ പാർട്ടിക്കുള്ളിൽ വിമർശനം ശക്തമായിരുന്നു.

Leave a Reply