1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക

0

കൊളംബോ: 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കുകയാണ് ഇന്ത്യയുടെ അയൽരാജ്യമായ ശ്രീലങ്ക . പണമില്ലാത്ത രാഷ്ട്രം ഭക്ഷണം ഇന്ധനം , മരുന്നുകൾ എന്നിവയുടെ ക്ഷാമത്തിനും സാക്ഷ്യം വഹിക്കുന്നു. അടുത്തിടെ ശ്രീലങ്കയ്ക്ക് ഇന്ത്യ ഒരു ബില്യൺ ഡോളറിന്റെ സഹായധനം അനുവദിച്ചിട്ടുണ്ട്.

പെട്രോളിനും മണ്ണെണ്ണയ്ക്കുമായി പൊരിഞ്ഞ വെയിലിൽ നാല് മണിക്കൂറോളം വരിനിന്ന് ശ്രീലങ്കയിൽ രണ്ട് വയോധികരാണ് കുഴഞ്ഞുവീണു മരിച്ചത്. ഹൃദ്രോഗവും പ്രമേഹവുമുള്ള രോഗിയായ 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുകാരനൊയ മറ്റൊരാളുമാണ് മരിച്ചത്. കാൻഡിയിലും കടവത്തയിലുമായാണ് മരണം സംഭവിച്ചത്.

അതേസമയം പേപ്പറുകളുടെ രൂക്ഷമായ ക്ഷാമം കാരണം ശ്രീലങ്ക അനിശ്ചിതകാലത്തേക്ക് പരീക്ഷകൾ റദ്ദാക്കി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ഈ നീക്കം ബാധിച്ചിരിക്കുന്നത്. കൊളംബോയും ഇറക്കുമതിക്ക് ധനസഹായം നൽകുന്നതിന് ഡോളറിന്റെ കുറവാണ് നേരിടുന്നത്.

വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. ഐ എം എഫിൽ നിന്ന് പണം കടം വാങ്ങാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭരണകൂടം. ശ്രീലങ്കൻ പ്രസിഡണ്ട് ഗോട്ബായ രാജപക്സയുടെ ആവശ്യം പരിഗണിക്കുകയാണ് എന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാൽപ്പൊടി വില കിലോയ്ക്ക് 1945 രൂപയാണ്. ചിലയിടത്ത് 2000 രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ രാജ്യത്ത് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. നിലനിൽപ്പിനായി രാജ്യത്തെ ഭക്ഷണശാലകൾ എല്ലാം വില വർധിപ്പിച്ചു. ഇവിടെ ഒരു പാൽച്ചായക്ക് ഇപ്പോൾ വില 100 രൂപയാണ്.

പഞ്ചസാരയുടെയും പാൽപ്പൊടിയുടെയും എന്തിന് ധാന്യങ്ങളുടെ പോലും വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഉൽപ്പന്നങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം എന്നതിനാൽ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം തീപിടിച്ച വിലയാണ്. രാജ്യത്ത് പാൽപ്പൊടിയുടെ വില അവസാനമായി ഉയർത്തിയത് 2021 ഡിസംബറിലാണ്. അന്ന് 400 ഗ്രാം പാക്കറ്റ് വില 60 രൂപയും ഒരു കിലോ പാക്കറ്റ് വില 150 രൂപയുമാണ് ഉയർത്തിയത്. അതിനുശേഷം ഇപ്പോൾ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ് ഇറക്കുമതിക്കാർ.

ശ്രീലങ്കയ്ക്ക് 9.6 ബില്യൺ ഡോളർ വായ്പ തിരിച്ചടവ് ഈ വർഷം നടത്താനുണ്ട്. എന്നാൽ 2.3 ബില്യൺ ഡോളറിന്റെ വിദേശനാണ്യശേഖരം മാത്രമാണ് രാജ്യത്തിന്റെ പക്കലുള്ളത്. തങ്ങൾ നൽകാനുള്ള പണം തിരിച്ചു തരാൻ ചൈനയോട് ശ്രീലങ്ക സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും ബീജിങ്ങിൽ നിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here