സമാധാനചര്‍ച്ചകളില്‍ പ്രതീക്ഷ , കീവിലെ ആക്രമണം കുറയ്‌ക്കും: റഷ്യ

0

കീവ്‌: തുര്‍ക്കിയില്‍ സമാധാനചര്‍ച്ചകള്‍ പുരോഗമിക്കവേ യുക്രൈന്‍ തലസ്‌ഥാനമായ കീവിലും ചെര്‍ണീവിലുമുള്ള ആക്രമണങ്ങള്‍ ഗണ്യമായി കുറയ്‌ക്കുമെന്ന സുപ്രധാന നിലപാടുമായി റഷ്യന്‍ സേന.
റഷ്യയുടെ ഉപപ്രതിരോധമന്ത്രി അലക്‌സാണ്ടര്‍ ഫോമിന്‍ ഇക്കാര്യം സ്‌ഥിരീകരിച്ചിട്ടുമുണ്ട്‌. റഷ്യയുടെ പ്രഖ്യാപനത്തിനു പിന്നാലെ യു.എസ്‌. ക്രൂഡ്‌ ഓയില്‍ വില ബാരലിനു 100 ഡോളറിനു താഴേക്കു പതിച്ചു. രാജ്യാന്തര അസംസ്‌കൃത വില നിര്‍ണയിക്കുന്ന ബ്രെന്റ്‌ ക്രൂഡ്‌ ഓയില്‍ വില 5.4 ശതമാനം ഇടിഞ്ഞ്‌ ബാരലിന്‌ 106.43 ഡോളറിലെത്തി.
കീവില്‍നിന്നും ചെര്‍ണീവില്‍നിന്നും റഷ്യന്‍ സേനയുടെ ചില യൂണിറ്റുകള്‍ പിന്‍വാങ്ങുന്നതായി യുക്രൈന്‍ സായുധസേന ജനറല്‍ സ്‌റ്റാഫ്‌ ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇന്നലത്തെ കൂടിക്കാഴ്‌ചയിലെ ചര്‍ച്ചകളുടെ തത്വങ്ങള്‍ ഉള്‍ക്കൊണ്ടും പരസ്‌പരവിശ്വാസം വര്‍ധിപ്പിക്കാനും കൂടുതല്‍ ഒത്തുതീര്‍പ്പുകള്‍ക്ക്‌ വഴിയൊരുക്കാനും ധാരണയില്‍ ഒപ്പിടുക എന്ന അന്തിമലക്ഷ്യം സാധിക്കാനുമാണ്‌ ഈ പിന്മാറ്റമെന്ന്‌ റഷ്യന്‍ പ്രതിരോധമന്ത്രാലയം പറയുന്നു.
തുര്‍ക്കിയില്‍ റഷ്യയും യുക്രൈനും നടന്ന സമാധാനചര്‍ച്ചകളില്‍ മാനുഷികപ്രശ്‌നം പരിഹരിക്കാനുള്ള വെടിനിര്‍ത്തലും റഷ്യയില്‍നിന്ന്‌ യുക്രൈനെ സംരക്ഷിക്കാനുള്ള സുരക്ഷാ ഉറപ്പുകളുമാണ്‌ ചര്‍ച്ചയായത്‌. 34 ദിവസം പിന്നിട്ട യുദ്ധത്തില്‍ മൂന്നാഴ്‌ചയ്‌ക്കിടെ ഇരു രാജ്യങ്ങളും തമ്മില്‍ നടക്കുന്ന ആദ്യനേരിട്ടുള്ള കൂടിക്കാഴ്‌ചയാണ്‌. ഈ ദുരിതത്തിന്‌ അറുതിവരുത്തണമെന്ന്‌ ചര്‍ച്ചയ്‌ക്ക്‌ ആതിഥ്യമരുളിയ തുര്‍ക്കിയുടെ പ്രസിഡന്റ്‌ റെസീപ്‌ തയിപ്‌ എര്‍ദോഗന്‍ ആവശ്യപ്പെട്ടു. ഇരുകക്ഷികള്‍ക്കും ന്യായമായ ആശങ്കകളുണ്ട്‌. രാജ്യാന്തരസമൂഹത്തിനു കൂടി സ്വീകാര്യമായ പരിഹാരത്തില്‍ എത്തിച്ചേരാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും എര്‍ദോഗന്‍ പറഞ്ഞു. യുദ്ധം അനന്തമായി തുടരുന്നത്‌ ആര്‍ക്കും ഗുണകരമാകില്ലെന്നും എര്‍ദോഗന്‍ പറഞ്ഞു.
ഫെബ്രുവരി 24ന്‌ റഷ്യ അനിധിവേശം തുടങ്ങിയശേഷം ഇതുരണ്ടാം തവണയാണ്‌ തുര്‍ക്കി സമാധാനചര്‍ച്ചകള്‍ക്ക്‌ വേദിയാകുന്നത്‌. യുദ്ധം അവസാനിപ്പിക്കാന്‍ പുടിനുമായി നേരിട്ടു ചര്‍ച്ചവേണമെന്നാണ്‌ യുക്രൈന്‍ പ്രസിഡന്റ്‌ വൊളോദിമിര്‍ സെലന്‍സ്‌കി പറയുന്നത്‌. എന്നാല്‍, പ്രാബല്യത്തിലാകാന്‍ സാധ്യതയുള്ള ഒരു സമാധാനക്കരാറിലെ മുഖ്യവിഷയങ്ങളില്‍ തീരുമാനമെത്തിയാലോ പുടിന്‍-സെലന്‍സ്‌കി ചര്‍ച്ച സാധ്യമാവൂ എന്ന്‌ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്‌ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Leave a Reply