നാലു ദിവസത്തെ സ്വകാര്യ ബസ്‌ സമരം കെ.എസ്‌.ആര്‍.ടി.സിക്കു കൊടുത്തത്‌ അഞ്ചും ആറും കോടിയുടെ പ്രതിദിന വരുമാനം

0

നാലു ദിവസത്തെ സ്വകാര്യ ബസ്‌ സമരം കെ.എസ്‌.ആര്‍.ടി.സിക്കു കൊടുത്തത്‌ അഞ്ചും ആറും കോടിയുടെ പ്രതിദിന വരുമാനം. ജീവനക്കാരുടെ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിലൂടെ ഇൗ നേട്ടം ആവിയായി. പണിമുടക്ക്‌ ദിവസങ്ങളില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ ഓടിക്കുമെന്ന്‌ മന്ത്രി ആന്റണി രാജുവും സി.എം.ഡി: ബിജു പ്രഭാകറും ആവര്‍ത്തിച്ചെങ്കിലും ജീവനക്കാര്‍ തള്ളി.
ൈഹക്കോടതി വിധിയെത്തുടര്‍ന്ന്‌ ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തിയെങ്കിലും ഗതാഗതസൗകര്യം ഇല്ലാത്തതിനാല്‍ ഓഫീസിലെത്താന്‍ പലര്‍ക്കുമായില്ല. ആദ്യ ദിനം 2525 ജീവനക്കാര്‍ ജോലിക്കെത്തി. ഇന്നലെ കുറച്ചുപേര്‍ കൂടി എത്തി. എന്നിട്ടും മൊത്തം സര്‍വീസുകളുടെ രണ്ടു ശതമാനം മാത്രമാണ്‌ ഓടിക്കാനായത്‌.ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റില്‍നിന്നും കളിയിക്കാവിളയിലേക്കു സര്‍വീസ്‌ നടത്തിയ ബസിലെ ഡ്രൈവറെയും കണ്ടക്‌ടറെയും സമരാനുകൂലികള്‍ പാപ്പനംകോട്‌ ഡിപ്പോയ്‌ക്ക്‌ സമീപം ബസ്‌ തടഞ്ഞു മര്‍ദിച്ചു. പരുക്കേറ്റ കണ്ടക്‌ടര്‍ ശരവണഭവ, ഡ്രൈവര്‍ സജി എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെ.എസ്‌.ആര്‍.ടി.സിക്കു നല്‍കുന്ന ഇന്ധനത്തിന്‌ എണ്ണക്കമ്പനികള്‍ കുത്തനെ വില കൂട്ടിയത്‌ കോര്‍പറേഷന്‌ വലിയ പ്രഹരമാണ്‌. കളക്ഷന്റെ 67 ശതമാനവും ഡീസലിനു ചെലവാകും. മുന്‍പ്‌ ഇത്‌ ശരാശരി 50% ആയിരുന്നു. പോരാത്തതിന്‌, വായ്‌പ്പാത്തുക തിരിച്ചുപിടിക്കാന്‍ ഒരു കോടിയോളം രൂപ ബാങ്കുകള്‍ കളക്ഷനില്‍നിന്ന്‌ എടുക്കുന്നു. ശേഷിക്കുന്ന തുകയില്‍നിന്നു വേണം ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും മറ്റ്‌ ചെലവുകളും നടത്താന്‍.
പണിമുടക്കില്‍ ബസുകള്‍ ഓടാത്തതുകൊണ്ട്‌ ചെലവു കുറവായിരുന്നു. എന്നാല്‍, പണിമുടക്കാതെ ഓഫീസിലെത്തിയ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കണം. ഡയസ്‌നോണ്‍ ആണെങ്കിലും പിന്നീട്‌ ഇത്‌ പിന്‍വലിച്ചു പണിമുടക്കിയ ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നതാണു പതിവ്‌. അതുകൊണ്ട്‌ നഷ്‌ടം കൂടാനാണു സാധ്യത.

Leave a Reply