തിരുവനന്തപുരം: മംഗലപുരത്ത് പെട്രോൾ പമ്പിന് നേരെ പണിമുടക്ക് അനുകൂലികളുടെ ആക്രമണം. ഉച്ചയോടെയായിരുന്നു സംഭവം. പമ്പിന്റെ ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്തെ ചില്ല് സമരാനുകൂലികൾ എറിഞ്ഞു തകർത്തു.
ഉച്ചയോടെയായിരുന്നു സംഭവം. പണിമുടക്കിലും രാവിലെ മുതൽ പമ്പ് തുറന്നു പ്രവർത്തിച്ചിരുന്നു. ഉച്ചയോടെ സമരാനുകൂലികൾ എത്തി പമ്പ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാർ പമ്പ് അടച്ചു.
പിന്നാലെ സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ പമ്പ് തുറക്കണമെന്ന് ആവശ്യപ്പെട്ടു. ആവശ്യക്കാർക്ക് ഇന്ധനം നൽകണമെന്നും തങ്ങൾ നോക്കിക്കൊള്ളാമെന്നും ഡിവൈഎഫ്ഐക്കാർ പറഞ്ഞു.
തുടർന്ന് പമ്പ് തുറന്നതിന് പിന്നാലെ വീണ്ടും പ്രതിഷേധക്കാർ എത്തി. അടപ്പിച്ച പമ്പ് തുറന്നതിൽ പ്രകോപിതരായ സമരാനുകൂലികൾ ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഉടമ പരാതി നൽകാൻ തയാറായില്ല. ഇതേതുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തില്ല.