പാമ്പാടിയില്‍നിന്ന് കാണാതായ അച്ഛനെയും മകളെയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി

0

ഇടുക്കി: കോട്ടയം പാമ്പാടിയില്‍നിന്ന് കാണാതായ അച്ഛനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷ്(45) മകള്‍ പാര്‍വതി(19) എന്നിവരുടെ മൃതദേഹങ്ങളാണ് ഡാമില്‍നിന്ന് കണ്ടെത്തിയത്. ഇരുവരും ഡാമില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ചയാണ് ബിനീഷിനെയും മകളെയും കാണാതായത്. ഇടുക്കി കമ്പംമെട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ഇരുവരും ഞായറാഴ്ച രാവിലെ 11 മണിയോടെ പാമ്പാടിയില്‍നിന്നും യാത്രതിരിച്ചത്. വൈകീട്ട് ആറുമണി വരെ ബിനീഷ് മൊബൈല്‍ ഫോണില്‍ പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ഫോണ്‍ എടുത്തില്ല. രാത്രിയായിട്ടും ഇരുവരും ബന്ധുവീട്ടില്‍ എത്തിയതുമില്ല. ഇതോടെ ഭര്‍ത്താവിനെയും മകളെയും കാണാനില്ലെന്ന് ബിനീഷിന്റെ ഭാര്യ പാമ്പാടി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ബിനീഷിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കല്ലാര്‍കുട്ടി മേഖലയിലുണ്ടെന്ന് കണ്ടെത്തി. ഇതിനിടെ, കല്ലാര്‍കുട്ടി ഡാമിന് പരിസരത്ത് ഒരു ബൈക്ക് ഇരിക്കുന്നത് ഞായറാഴ്ച വൈകീട്ട് തന്നെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ബൈക്കില്‍നിന്ന് മൊബൈല്‍ഫോണും പേഴ്‌സും കണ്ടെത്തി. ഇതേസമയം തന്നെ പാമ്പാടി പോലീസ് അടിമാലി പോലീസിനെ വിവരമറിയിച്ചു. കണ്ടെത്തിയ ബൈക്കും മൊബൈലും ബിനീഷിന്റേതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഇരുവരും ഡാമില്‍ ചാടിയതാകുമെന്ന നിഗമനത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചത്.

Leave a Reply