തിരുവനന്തപുരം: സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന സമരവുമായി ബസ് ഉടമകൾ മുന്നോട്ടു പോകരുതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ പരീക്ഷാ കാലം പരിഗണിച്ച് സമരത്തിൽ നിന്നു പിന്മാറണം. ബസ്, ഓട്ടോ-ടാക്സി സമരവുമായി മുന്നോട്ടുപോയാൽ കൂടുതൽ കെഎസ്ആർടിസി ബസുകൾ സർവീസിനിറക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ചാർജ് വർധന സർക്കാർ അംഗീകരിച്ചതാണ്. അത് എപ്പോൾ എങ്ങനെ വേണമെന്നതു സംബന്ധിച്ച് ചർച്ച നടക്കുകയാണ്. ഈ സമയത്ത് സമരം കൊണ്ട് സർക്കാരിനെ സമ്മർദ്ദത്തിലാക്കാമെന്നു ആരും കരുതേണ്ടെന്നും ആന്റണി രാജു പറഞ്ഞു.
ചാർജ് വർധന വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് അർധരാത്രി മുതൽ ബസ് ഉടമകൾ സമരം തുടങ്ങാനിരിക്കേയാണ് ഇതു സംബന്ധിച്ച് മന്ത്രി പ്രതികരിച്ചത്. മിനിമം ചാർജ് 12 രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരു രൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ആറ് രൂപയാക്കണം എന്നിവയാണ് ബസ് ഉടമകളുടെ ആവശ്യം.