കൊച്ചി: വന്‍കിട ഡീസല്‍ ഉപഭോക്താവാണെന്ന കാരണത്താല്‍ എണ്ണക്കമ്പനികള്‍ വിപണി വിലയേക്കാള്‍ കൂടിയ തുക ഡീസലിന് ഈടാക്കുന്നതിനെതിരേ കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
കൂടിയ തുക നല്‍കി ഡീസല്‍ വാങ്ങേണ്ടി വരുന്നത് കെഎസ്ആര്‍ടിസിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഉയര്‍ന്ന വില ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. വിപണി വിലയ്ക്ക് ഡീസല്‍ നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സ്വകാര്യ ബസുടമകൾ കേരളത്തിലെ പമ്പുകളിൽനിന്ന് 93.47 രൂപക്ക് ഒരു ലിറ്റർ ഡീസൽ വാങ്ങുമ്പോൾ കെഎസ്ആർടിസി 121.36 രൂപ നൽകണം. വിപണി വിലയെക്കാൾ 27.88 രൂപയുടെ വ്യത്യാസത്തിലാണ് എണ്ണക്കമ്പനികൾ ഡീസൽ നൽകുന്നത്. ഇത് തുല്യനീതിക്ക് യോജിക്കാത്തതാണെന്നും ഹർജിയിൽ പറഞ്ഞു.