സില്‍വര്‍ ലൈന്‍ സംബന്ധിച്ച്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനു വഴങ്ങിയെങ്കിലും പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്നു കട്ടായം പറഞ്ഞ്‌ സര്‍ക്കാര്‍

0

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ സംബന്ധിച്ച്‌ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിനു വഴങ്ങിയെങ്കിലും പദ്ധതി നടപ്പാക്കുകതന്നെ ചെയ്യുമെന്നു കട്ടായം പറഞ്ഞ്‌ സര്‍ക്കാര്‍. അടിയന്തരപ്രമേയചര്‍ച്ചയില്‍ പദ്ധതിയെ വീറോടെ എതിര്‍ത്ത്‌ പ്രതിപക്ഷം. 15-ാം നിയമസഭ പരിഗണിച്ച ആദ്യത്തെ അടിയന്തരപ്രമേയത്തിന്മേല്‍ മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍, ആരോപണങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കിയില്ലെന്നാരോപിച്ച്‌ പ്രതിപക്ഷം ഇറങ്ങിപ്പോയി.
അത്യന്തം നാടകീയമായാണ്‌ അടിയന്തരപ്രമേയചര്‍ച്ചയ്‌ക്കു മുഖ്യമന്ത്രി സന്നദ്ധതയറിയിച്ചത്‌. കോണ്‍ഗ്രസില്‍നിന്നു പി.സി. വിഷ്‌ണുനാഥാണു പ്രമേയത്തിന്‌ അവതരണാനുമതി തേടി നോട്ടീസ്‌ നല്‍കിയത്‌. അനിവാര്യമായ പദ്ധതിയായതിനാല്‍ ചര്‍ച്ചയാകാമെന്നു നിലപാടെടുത്ത മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും തമ്മിലുള്ള രൂക്ഷമായ വാദപ്രതിവാദത്തിനും സഭ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ എം.കെ. മുനീര്‍ സില്‍വര്‍ ലൈനില്‍ അടിയന്തരപ്രമേയ നോട്ടീസ്‌ നല്‍കിയപ്പോള്‍ വഴങ്ങാതിരുന്ന സര്‍ക്കാര്‍ ഇപ്പോള്‍ വഴങ്ങിയതു ജനങ്ങളുടെയും അവര്‍ക്കൊപ്പം നിന്ന പ്രതിപക്ഷത്തിന്റെയും വിജയമാണെന്നു പി.സി. വിഷ്‌ണുനാഥ്‌ അവകാശപ്പെട്ടു.
സില്‍വര്‍ ലൈന്‍ പദ്ധതി നാടിനാവശ്യമാണെന്നും നടപ്പാക്കുമെന്നും പ്രമേയത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി കട്ടായം പറഞ്ഞു. നാടിനാവശ്യമായ ഒരു പദ്ധതിയും എതിര്‍പ്പിന്റെ പേരില്‍ നടപ്പാക്കാതിരിക്കില്ല. പദ്ധതിയോട്‌ എല്ലാവരും സഹകരിക്കണം. പദ്ധതിയുടെ സാങ്കേതികവശം സംബന്ധിച്ച്‌ നിയമസഭയില്‍ ഇന്ന്‌ വിശദീകരണം നല്‍കുമെന്നും മുഖ്യമ്രന്തി വ്യക്‌തമാക്കി. എതിര്‍പ്പുകളില്‍ എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ ചര്‍ച്ചചെയ്യും. നാടിന്‌ ഗുണകരമാണെങ്കില്‍ പദ്ധതിയുമായി മുന്നോട്ടുപോകും. ദേശീയപാതാവികസനവും ഗെയില്‍ പൈപ്പ്‌ലൈനും കൊച്ചി-ഇടമണ്‍ പവര്‍ഹൈവേയുമൊക്കെ ഇതിന്‌ ഉദാഹരണങ്ങളാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതിയുടെ റിപ്പോര്‍ട്ടുകളില്‍ ഡാറ്റ കൃത്രിമം നടന്നെന്നു പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്‍ ആരോപിച്ചു. ഇതിലൂടെ കിമിനല്‍ കുറ്റമാണു കെ-റെയില്‍ കോര്‍പറേഷന്‍ ചെയ്‌തത്‌. ഇക്കാര്യം പരിശോധിച്ചാല്‍ കെ-റെയില്‍ അധികൃതര്‍ ജയിലില്‍ പോകുമെന്നും സതീശന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here