കോട്ടയം: ചങ്ങനാശേരി മാടപ്പള്ളിയിൽ സ്ഥാപിച്ച കെ റെയിൽ അതിരടയാള കല്ലുകൾ കോൺഗ്രസ് പ്രവർത്തകർ പിഴുത് മാറ്റി. കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് കല്ല് പിഴുതത്. പിഴുതെടുത്ത കല്ലുകളുമായി പ്രവർത്തകരും നാട്ടുകാരും ആഹ്ലാദ പ്രകടനം നടത്തി.
ഇന്നലെ രാത്രിയിലും കുറച്ച് കല്ലുകൾ പിഴുത് മാറ്റിയ നിലയിൽ കണ്ടെത്തിയിരുന്നു. വൻ പോലീസ് സംഘത്തിന്റെ കാവലിലാണ് ഉദ്യോഗസ്ഥർ കല്ലുകൾ സ്ഥാപിച്ചത്. പ്രതിഷേധിച്ച പ്രദേശവാസികളെയെല്ലാം ബലപ്രയോഗത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
അതേസമയം, കെ റെയിൽ കല്ലിടലിനെതിരായ പ്രതിഷേധത്തിനിടെ പോലീസ് അതിക്രമം ഉണ്ടായതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുകയാണ്. കോൺഗ്രസും ബിജെപിയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചു.