ആമസോൺ മഴക്കാടുകളിൽ കാണാതായ ആറും എട്ടും വയസ്സുള്ള കുട്ടികളെ 27 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി

0

ആമസോൺ മഴക്കാടുകളിൽ കാണാതായ ആറും എട്ടും വയസ്സുള്ള കുട്ടികളെ 27 ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. രണ്ട് ബ്രസീലിയൻ കുരുന്നുകളെയാണ് നീണ്ട 27 ദിവസങ്ങൾക്ക് ശേഷം തിരികെ കിട്ടിയത്. എന്നാൽ തിരികെ കിട്ടിയ അവരുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തു നിന്നുമാണ് കുട്ടികളെ കാണാതായത്. ഭക്ഷണമില്ലാത്തതിനാൽ തൊലിയൊട്ടി അസ്ഥികൾ പുറത്തുകാണുന്ന ദയനീയ രൂപത്തിലായിരുന്നു അവർ.

ആറു വയസ്സുകാരനായ ഗ്ലാക്കോ കാർവാലോ റിബേറോ, എട്ടുവയസ്സുകാരനായ ഗ്ലെസൻ കാർവാലോ റിബേറോ എന്നിവരാണു പക്ഷിയെ പിടിക്കാനുള്ള ശ്രമങ്ങൾക്കിടെ ആമസോണാസിലെ മാനിക്കോർ മുനിസിപ്പാലിറ്റിയിൽ നിന്നു കാണാതായത്. ഫെബ്രുവരി 18നാണ് ഇവർ അപ്രത്യക്ഷരായത്. മാർച്ച് 15ന്, കാട്ടിൽ മരം വെട്ടിക്കൊണ്ടിരുന്ന ഒരു വ്യക്തിയാണ് ഇവരെ കണ്ടെത്തിയത്.

ഇവരെ താമസിയാതെ ടൗൺ ഹാളിലെത്തിച്ചു. വിമാനമാർഗം ആമസോണാസിന്റെ തലസ്ഥാന നഗരമായ മനാവൂസിലെത്തിച്ച ശേഷം ഇവർക്ക് വിദഗ്ധ ചികിത്സ നൽകും. ആമസോണാസിലെ പാൽമെയ്റ എന്ന തദ്ദേശീയ ഗോത്രത്തിൽ പെട്ടവരാണ് കുട്ടികൾ. ഇവരെ കാണാതായശേഷം കുറച്ചുദിവസങ്ങൾ പോലീസും അഗ്നിശമന സേനയും വലിയ തിരച്ചിൽ നടത്തിയെങ്കിലും കാര്യമില്ലെന്ന നിഗമനത്തിൽ പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ കുട്ടികളുടെ ഗോത്രമായ പാൽമെയ്റയിലെ അംഗങ്ങൾ തിരച്ചിൽ തുടർന്നുകൊണ്ടിരുന്നു.

ബ്രസീലിലെ ഏറ്റവും വലിയ സംസ്ഥാനമാണ് ആമസോണാസ്. യുറുഗ്വെ, ചിലി, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം സംയുക്ത വിസ്തീർണത്തേക്കാൾ കൂടുതലാണ് ഈ സംസ്ഥാനത്തിന്റെ വിസ്തീർണം. പെറു കൊളംബിയ, വെനസ്വേല എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. ആമസോൺ നദിയിൽ നിന്നാണ് ഈ സംസ്ഥാനത്തിന് പേരു വന്നത്. സംസ്ഥാനത്തിന്റെ നല്ലൊരു ഭാഗവും നിബിഡമായ ആമസോൺ മഴക്കാടുകളാണ്.

സംസ്ഥാനത്തിന്റെ തലസ്ഥാനമായ മനാവൂസ് ബ്രസീലിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരമാണ്. 22 ലക്ഷത്തോളം ആളുകൾ ജീവിക്കുന്ന ഈ വൻനഗരം ആമസോൺ മഴക്കാടുകളുടെ മധ്യത്തിലായാണു സ്ഥിതി ചെയ്യുന്നത്. ആമസോണാസ് സംസ്ഥാനത്തിലെ ജനങ്ങളിൽ ഭൂരിഭാഗവും ഈ നഗരത്തിലാണു ജീവിക്കുന്നത്. ആമസോൺ വനത്തെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടേറെ ഗോത്രവർഗക്കാരും ഈ സംസ്ഥാനത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here