പാലക്കാട്: ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികൾക്കു മർദനമേറ്റ സംഭവത്തിൽ പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവച്ചു. ആരോപണ വിധേയനായ സെക്രട്ടറി കെ. വിജയകുമാര്‍ ആണ് രാജിവച്ചത്. കുട്ടികള്‍ക്കു മര്‍ദനമേറ്റതിനെ കുറിച്ചു ജില്ല കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജി.
അനാഥരായ നവജാത ശിശുക്കള്‍ മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളെയാണ് അയ്യപുരത്ത് ശിശു പരിചരണ കേന്ദ്രത്തില്‍ താമസിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ വിജയകുമാര്‍ പല തവണയായി മര്‍ദിച്ചുവെന്നു കേന്ദ്രത്തിലെ ആയയാണ് പരാതി നല്‍കിയത്.
സ്കെയില്‍ വച്ചാണ് കുഞ്ഞുങ്ങളെ തല്ലുന്നത്. ഫോണില്‍ സംസാരിക്കവെ കുട്ടികള്‍ കരയുന്നതാണ് മര്‍ദനത്തിനു കാരണം. ഇതുസംബന്ധിച്ച് നേരത്തെ പാര്‍ട്ടിക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ജില്ലാ കളക്ടറെ സമീപിച്ചത്. ഇയാൾ പതിവായി ഇവിടം സന്ദർശിച്ചിരുന്നു.
പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടര്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്കു നിര്‍ദേശം നല്കി. അടുത്ത ദിവസം അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടിയില്‍നിന്നു മാറ്റി നിര്‍ത്തിയിരിക്കുകയാണ്.