ആന്ധ്രയിൽ നിന്നും കൊറിയർ വഴി കഞ്ചാവ് ക‌ടത്തിയ കേസ്; ഒളിവിലായിരുന്ന മൂന്നുപേർ കൂടി പെരുമ്പാവൂർ പോലീസിൻ്റെ പിടിയിൽ; യൂത്തിനെ മത്ത് പിടിപ്പിച്ച ലഹരിക്ക് പിന്നിലെ കഥ ഇങ്ങനെ..

0

ആന്ധ്രയിൽ നിന്നും കൊറിയർ സ്ഥാപനം വഴി കഞ്ചാവെത്തിച്ച കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കോതമംഗലം അയിരൂർപ്പാടം ആയക്കാട് കളരിക്കൽ വീട്ടിൽ ഗോകുൽ(24), പുളിമല കാഞ്ഞിരക്കുഴി വീട്ടിൽ വിമൽ (24), ആയിരൂർപ്പാടം ആളക്കൽ വീട്ടിൽ മൻസൂർ (24) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്.

കേസിൽ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ കുന്നുവഴിയിലെ കൊറിയർ സ്ഥാപനം വഴി 30 കിലോഗ്രാം കഞ്ചാവ് പാഴ്‌സലായി എത്തുകയായിരുന്നു. ആന്ധ്രയിലെ കഞ്ചാവ് വിൽപ്പനക്കാരിൽ നിന്നും ഗോകുലാണ് കഞ്ചാവ് വാങ്ങി വിമലിന്റെ പേരിൽ അയച്ചത്. പത്ത് കിലോ കഞ്ചാവുമായി ഇയാളെ ആന്ധ്ര പൊലീസ് പിടികൂടി ജയിലിൽ അടച്ചിരുന്നു. പുറത്തിറങ്ങിയ ശേഷമാണ് വ്യാപകമായി കച്ചവടം തുടങ്ങിയത്.

നാല് കിലോ കഞ്ചാവുമായി തൃശൂർ അയ്യന്തോൾ പൊലീസും ഗോകുലിനെ പിടികൂടിയിരുന്നു. വിമലിന്റെയും മൻസൂറിന്റെയും പേരിലും കേസുകളുണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീം അന്വേഷണം നടത്തുന്നതിനിടയിലാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ കോഴിക്കോട് പുവാട്ടുപറമ്പിൽ നിന്നും പിടികൂടിയത്. ഇവർ ഇതിനു മുമ്പും കൊറിയർ വഴി കഞ്ചാവ് അയച്ചിട്ടുണ്ടെന്നാണ് സൂചന.

കഞ്ചാവ് സംഘത്തിന്റെ ഇടപാടുകളെ കുറിച്ച് വിശദമായി അന്വേഷണം നടത്തുന്നുണ്ട്. കിലോഗ്രാമിന് രണ്ടായിരം മുതൽ മൂവായിരം രൂപ വരെ നൽകി ആന്ധ്രയിൽ നിന്ന് കഞ്ചാവ് വാങ്ങി ഇരുപത്തയ്യായിരത്തിനും മുപ്പതിനായിരത്തിനുമാണ് കേരളത്തിൽ വിൽപ്പന നടത്തുന്നത്. ആന്ധ്രയിലെ പഡേരു ഗ്രാമത്തിൽ നിന്നുമാണ് കേരളത്തിലേക്ക് കൂടുതലായും കഞ്ചാവ് എത്തുന്നത്.

രണ്ടു വർഷത്തിനുള്ളിൽ റൂറൽ പൊലീസ് 500 കിലോയിലേറെ കഞ്ചാവാണ് പിടികൂടിയത്. എ.എസ്‌പി അനുജ് പലിവാൽ, ഇൻസ്‌പെക്ടർ ആർ.രഞ്ജിത്, എഎസ്ഐ ജയചന്ദ്രൻ, എസ്.സി.പി.ഒമാരായ കെ.എ നൗഷാദ്, അബ്ദുൾ മനാഫ് (കുന്നത്തുനാട്), എം.ബി.സുബൈർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കുമെന്ന് എസ്‌പി കെ. കാർത്തിക്ക് പറഞ്ഞു.

Leave a Reply