തൃശൂരിൽ വൻ വ്യാജ മദ്യവേട്ട; കണ്ടെടുത്തത് 800 കുപ്പികളിലായി പാക്ക് ചെയ്ത വ്യാജമദ്യവും വ്യാജ പാക്കിങ് സീലുകളും; രണ്ട് പേരെ പിടികൂടി എക്സൈസ്

0

തൃശൂർ: ഇരിങ്ങാലക്കുടയിൽ വൻ വ്യാജ മദ്യ വേട്ട. രണ്ട് നില വീട്ടിൽ പ്രവർത്തിച്ചിരുന്ന വ്യാജ മദ്യ നിർമ്മാണ യൂണിറ്റാണ് എക്സൈസ് കണ്ടെത്തിയത്. പേ ആൻഡ് പാർക്കിങ്ങിന്റെ മറവിലാണ് വ്യാജ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന നടത്തുകയായിരുന്നു. 800 കുപ്പികളിലായി പാക്ക് ചെയ്ത് വെച്ചിരുന്ന വ്യാജ മദ്യവും വ്യാജ പാക്കിങ് സീലുകളും ഉൾപ്പെടെ എക്സൈസ് കണ്ടെടുത്തു. കേസിൽ വീട്ടുടമയായ രഘു,വാടകക്കാരനായ വിനു എന്നിവരെ എക്സൈസ് സംഘം പിടികൂടി.

പാക്കിംങ്ങ് സീലുകൾ വ്യാജമായി നിർമ്മിച്ച് പതിപ്പിച്ച 800 അരലിറ്റർ കുപ്പികളിലായി പാക്ക് ചെയ്ത നിലയിലാണ് വ്യാജ മദ്യം കണ്ടെത്തിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് വ്യാജമദ്യ നിർമ്മാണ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. സീൽ പതിപ്പിക്കുന്നതിനും മിക്സിംങ്ങ് നടത്തുന്നതിനും എല്ലാം പ്രത്യേക യന്ത്രസംവിധാനം ഇവിടെ ഒരുക്കിയിരുന്നു.

മദ്യം നിർമ്മിക്കുന്നതിനായി കന്നാസുകളിലായി സൂക്ഷിച്ചിരുന്ന നൂറ് കണക്കിന് ലിറ്റർ സ്പിരിറ്റും ലിറ്റർ കണക്കിന് തേനും പായ്ക്ക് ചെയ്യാനുള്ള ബോട്ടിലുകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. വീടിന് മുന്നിലായി പേ ആന്റ് പാർക്ക് സംവിധാനം ഒരുക്കിയിരുന്നതിനാൽ നിരന്തരം ഇവിടെ വാഹനങ്ങൾ വന്ന് പോകുന്നത് പ്രദേശവാസികൾ കാര്യമായി എടുക്കാറുണ്ടായിരുന്നില്ല.

ഇത് ഉപയോഗപെടുത്തിയാണ് പ്രതികൾ വ്യാജ മദ്യം നിർമ്മിക്കുന്നതിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ എത്തിച്ചിരുന്നത്.എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എസ് മനോജ് കുമാർ, ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്പെക്ടർ അനീഷ്,അസി.ഇൻസ്പെക്ടർ എ മണികണ്ഠൻ,പ്രവന്റീവ് ഓഫിസർമാരായ ഷിബു കെ എസ്,സുനിൽകുമാർ പി എസ്,സുരേന്ദ്രൻ പി ആർ,രാമകൃഷ്ണൻ കെ ആർ,ലോനപ്പൻ കെ ജെ,ഗ്രേഡ് ഓഫീസർമാരായ വത്സൻ കെ കെ,സി ബി ജോഷി,സിവിൽ എക്സൈസ് ഓഫീസർമാരായ രാജേന്ദ്രൻ,ജോജോ,വനിത ഓഫീസർ ജയശ്രീ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a Reply