ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയില്‍ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ്‌ സ്വദേശികള്‍ കുറ്റക്കാരെന്ന്‌ കോടതി

0

മാവേലിക്കര: ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയില്‍ വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ബംഗ്ലാദേശ്‌ സ്വദേശികള്‍ കുറ്റക്കാരെന്ന്‌ കോടതി. കേസിലെ പ്രതികളായ ലേബിലു ഹസന്‍(39), ജുവല്‍ ഹസന്‍(24) എന്നിവര്‍ കുറ്റക്കാരാണെന്ന്‌ മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതിയാണ്‌ കണ്ടെത്തിയത്‌. ശിക്ഷ നാളെ വിധിക്കും. പൈശാചികവും ആസൂത്രിതവുമായ കൊലപാതകമായിരുന്നെന്ന്‌ കോടതി നിരീക്ഷിച്ചു.
കോടുകുളഞ്ഞി കരോട്‌ ആഞ്ഞിലിമൂട്ടില്‍ എ.പി. ചെറിയാന്‍(കുഞ്ഞുമോന്‍-76), ഭാര്യ ഏലിക്കുട്ടി(ലില്ലി-68) എന്നിവരാണ്‌ 2019 നവംബര്‍ 11 ന്‌ കൊല്ലപ്പെട്ടത്‌. ചെറിയാന്റെ വീട്ടില്‍ ജോലിയ്‌ക്കെത്തിയ പ്രതികള്‍ വീട്ടില്‍ സ്വര്‍ണമുണ്ടെന്ന്‌ മനസിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയും കൊലപാതകശേഷം 45 പവനും 17,338 രൂപയും അപഹരിച്ച്‌ രക്ഷപ്പെടുകയുമായിരുന്നു.
കൊലപാതക ശേഷം ചെന്നൈയിലെത്തിയ പ്രതികള്‍, ചെന്നൈ-കൊറമണ്ഡല്‍ എക്‌സ്പ്രസില്‍ ബംഗാളില്‍ എത്തിയ ശേഷം ബംഗ്ലാദേശിലേക്ക്‌ കടക്കാനാണ്‌ പദ്ധതിയിട്ടത്‌. പ്രതികളോടൊപ്പം കോടുകുളഞ്ഞി കരോട്ടെ വാടകവീട്ടില്‍ താമസിച്ചിരുന്ന മൂന്നു പേരെ കസ്‌റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തതോടെ പ്രതികളെക്കുറിച്ച്‌ സൂചന ലഭിച്ചു. ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്‌ ആര്‍. പി.എഫ്‌. വിജയവാഡയില്‍വച്ച്‌ പ്രതികളെ തിരിച്ചറിയുകയും പിടികൂടി മാരിപാലം ആര്‍.പി.എഫ്‌ സ്‌റ്റേഷനില്‍ കസ്‌റ്റഡിയില്‍ വയ്‌ക്കുകയുമായിരുന്നു. ഇതറിഞ്ഞ്‌ വിശാഖപട്ടണത്ത്‌ എത്തിയ പോലീസ്‌ സംഘം പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി. കൊലനടത്തിയ വീട്ടില്‍നിന്ന്‌ മോഷ്‌ടിച്ച സ്വര്‍ണവും പണവും കണ്ടെത്തി. 83 സാക്ഷികളുള്ള കേസില്‍ വിശാഖപട്ടണം ആര്‍.പി.എഫിലെ അഞ്ചു പേരും ആന്ധ്രാപ്രദേശ്‌, ബംഗാള്‍, അസം സംസ്‌ഥാനക്കാരും സാക്ഷികളായിരുന്നു. 2020 ഫെബ്രുവരി അഞ്ചിനാണ്‌ 46 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചത്‌. നവംബര്‍ ഒന്നിന്‌ വിചാരണ ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here