ഭഗവതി ക്ഷേത്രോത്സവത്തിനെത്തി കോഴികളെ കണ്ടു ഭയന്ന കൊമ്പൻ ചിറ്റേപ്പുറത്ത് ശ്രീക്കുട്ടനെ വണ്ടി കയറ്റി മടക്കി വിട്ടു

0

ഭഗവതി ക്ഷേത്രോത്സവത്തിനെത്തി കോഴികളെ കണ്ടു ഭയന്ന കൊമ്പൻ ചിറ്റേപ്പുറത്ത് ശ്രീക്കുട്ടനെ വണ്ടി കയറ്റി മടക്കി വിട്ടു. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച രാവിലെ നടന്ന കാഴ്ചശീവേലിക്കിടെയാണു കൊമ്പൻ കോഴികളെ കണ്ടു വിരണ്ടത്. ഭഗവതിയുടെയും പള്ളിപ്പുറത്തപ്പന്റെയും തിടമ്പേറ്റിയ 2 ആനകളാണു ശീവേലിക്കുണ്ടായിരുന്നത്. ക്ഷേത്ര പ്രദക്ഷിണത്തിനിടെ പൂവൻ കോഴികൾ കൂട്ടത്തോടെ ആനകൾക്കിടയിലൂടെയും മുന്നിലൂടെയുമൊക്കെയായി സ്വൈര വിഹാരം നടത്തുന്നുണ്ടായിരുന്നു.

കോഴികൾ അടുത്തെത്തുമ്പോഴൊക്കെ ശ്രീക്കുട്ടനാന ഭയന്ന് അസ്വസ്ഥത പ്രകടിപ്പിച്ചു. ഭയപ്പെട്ട ആനയുടെ പ്രകടനങ്ങൾ കണ്ടു ഭക്തരും വിരണ്ടു. പലവട്ടം ആവർത്തിച്ചതോടെ തിടമ്പിറക്കി ആനയെ ലോറിയിൽ കയറ്റി മടക്കി വിടുകയായിരുന്നു.

പഴയന്നൂർ ക്ഷേത്രത്തിലെ മുഖ്യ വഴിപാട് പൂവൻ കോഴികൾ

പഴയന്നൂർ∙ കാശി പുരാണപുരിയിലെ ഭഗവതിയെ ഭജിച്ചു പഴയന്നൂരിലേക്കു പുറപ്പെട്ട പെരുമ്പടപ്പു സ്വരൂപത്തിലെ ഒരു രാജാവിനൊപ്പം പൂവൻ കോഴിയുടെ രൂപത്തിൽ ഭഗവതി പുറപ്പെട്ടു വന്നെന്നാണ് ഐതിഹ്യം. വിഷ്ണു പ്രതിഷ്ഠ മാത്രമാണുണ്ടായിരുന്ന പഴയന്നൂർ ക്ഷേത്രം പള്ളിപ്പുറം ക്ഷേത്രം എന്നാണറിയപ്പെട്ടിരുന്നത്. പെരുമ്പടപ്പു രാജാവ് ക്ഷേത്രത്തിന്റെ തിടപ്പള്ളിയിൽ പുരാണപുരി ഭഗവതിയെ പ്രതിഷ്ഠിച്ചു. ഉപദേവതയായ പുരാണപുരി ഭഗവതിക്കു പ്രാധാന്യമേറിയതോടെ നാടിനുണ്ടായ പുരാണപുരിയെന്ന പേരു മലയാളീകരിച്ചാണു പിന്നീടു പഴയന്നൂരായത്. ക്ഷേത്രം പഴയന്നൂർ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെട്ടു.

കോഴി രൂപത്തിൽ ഭഗവതി എത്തിയതിനാൽ പൂവൻകോഴിയെ നടയ്ക്കൽ പറത്തുന്നതും കോഴിയെ ഊട്ടുന്നതും ഇവിടുത്തെ മുഖ്യ വഴിപാടായി. കോഴി അമ്പലം എന്നും ഭക്തർ പറയാറുണ്ട്. അഞ്ഞൂറോളം കോഴികൾ ക്ഷേത്രത്തിലും പരിസരത്തുമായി എപ്പോഴും കാണാം. ഭക്തരും ടൗണിലെ വ്യാപാരികളുമായൊക്കെ അമ്പലക്കോഴികൾക്ക് അടുപ്പമേറെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here