ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ സിൽവർ ലൈൻ വിരുദ്ധ സമരങ്ങൾ വലിയ ജനശ്രദ്ധ നേടാൻ കാര്യങ്ങൾ പലതാണ്. സിൽവർ ലൈൻ അലൈൻമെന്റിൽ മന്ത്രി സജി ചെറിയാൻ ഇടപെട്ട് മാറ്റം വരുത്തിയിട്ടുണ്ട് എന്നാരോപിച്ച് കൊഴുവല്ലൂരിലെ സമരസമിതി പ്രവർത്തകരും രംഗത്ത് വന്നിരുന്നു. എന്നാൽ പിന്നെ അവിടെ നടന്നത് അതിക്രൂരമായ പോലീസ് ഭാഷ്യം ആണ്. ഒരു ദിവസം കൊണ്ട് ഹീറോ ജനിക്കില്ലെങ്കിൽ എവിടെ ഒരു ദിവസം കൊണ്ടാണ് ഒരു സമരനായിക ജനിച്ചത്. കൊഴുവല്ലൂർ പ്രദേശത്ത് നിന്നും കെ റെയിൽ സമരത്തിനിറങ്ങി പെട്ടെന്നൊരു ദിനം സമരനായികയായി മാറി ജയിൽ വാസം അനുഭവിക്കേണ്ടി വന്ന സിന്ധു ജയിംസ് പറയുന്നു.
കെ-റെയിൽ വിരുദ്ധ സമര സമിതിയുടെ നേതാവൊന്നുമായിരുന്നില്ല കൊഴുവല്ലൂർ തെക്കേച്ചരുവിൽ സിന്ധു ജയിംസ്. പക്ഷേ, അവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃഗീയമായി റോഡിലൂടെ വലിച്ചിഴച്ചു. രണ്ടു ദിവസം ജയിലിൽ ഇട്ടു. ഇപ്പോൾ സിന്ധു ഈ സമരത്തിന്റെ നേതാവാണ്. തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനത്തിന്റെ കഥ സിന്ധു പറയുന്നു.
മന്ത്രി സജി ചെറിയാനും സഹോദരൻ റെജി ചെറിയാനും ബന്ധുക്കൾക്കും വേണ്ടി സിൽവർലൈൻ അലൈന്മെന്റ് മാറ്റിയപ്പോൾ പുതുതായി പണിയുന്ന തന്റെ വീടിന്റെ അടുക്കളയിൽ കല്ല് സ്ഥാപിക്കാനെത്തുമെന്ന് മനസിലാക്കി സമര രംഗത്തേക്ക് ഇറങ്ങിയതാണ്. തന്റെ പ്രദേശത്ത് മാത്രമല്ല കെ – റെയിൽ കാരണം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന മുളക്കുഴ പഞ്ചായത്ത് 10, 11,12,13, 16 വാർഡുകളിലേക്കും സമര പ്രചാരണവുമായി മറ്റുള്ളവർക്കൊപ്പം കടന്നു ചെന്നു.
സിൽവർലൈനിന്റെ ചെങ്ങന്നൂർ സ്റ്റേഷൻ മുളക്കുഴ പഞ്ചായത്തിലെ പിരളശേരിയിലാണ് വരുന്നത്. ഒരു ദിവസം പിരളശേരിയിൽ സമരം നടക്കുന്നതിന് ഏറെ അകലെ മാറി ഒരു വീട്ടിൽ നിന്ന് നാരങ്ങാ വെള്ളം കുടിക്കുകയായിരുന്നു ക്ഷീണിതരായ സിന്ധുവും ഏതാനും പ്രവർത്തകരും. ഈ സമയം ഒരു ഇടിവണ്ടി റോഡിൽ വന്നു നിന്നു. അതിൽ നിന്ന് വനിതാ പൊലീസുകാർ മാത്രം ഇറങ്ങി വന്നു. അവരിൽ ചിലർ നേരെ അടുത്തേക്ക് വന്നു.
തന്റെ വലതു കൈയിലും കാലിലും പിടിച്ചു. അപ്പോൾ തന്നെ റോഡിലേക്ക് മറിഞ്ഞു വീണു. നട്ടെല്ലിന് പ്രശ്നമുള്ളയാളാണ് താനെന്ന് പറഞ്ഞിട്ടും കേട്ടില്ല. സ്വതന്ത്രമായിരുന്ന ഇടംകൈയും കാലും കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചു. തടിമിടുക്കുള്ള പെൺപൊലീസുകാർ കൈയും കാലും പിന്നിലേക്ക് മടക്കി തനിക്ക് അനങ്ങാൻ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചു. ശാരീരിക അസ്വസ്ഥതകൾ ഉള്ളയാളാണ്, സുഖമില്ലാത്തയാളാണ് ഉപദ്രവിക്കരുതെന്ന് തനിക്കൊപ്പമുണ്ടായിരുന്നവർ പറഞ്ഞു.
ആരു കേൾക്കാൻ? അതിന് തലേന്ന് രണ്ടു ദിവസങ്ങളിലായി സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തെങ്കിലും വൈകിട്ട് ആറു മണിയോടെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. പക്ഷേ, തന്റെ കാര്യത്തിൽ അതുണ്ടായില്ല. തന്നെ കുരുക്കാൻ വേണ്ടി മാത്രമായിട്ടാണ് അവർ വന്നത്. അതിന് കാരണവുമുണ്ട്. സ്ത്രീകളുടെ ഇടയിൽ നിന്ന് ഉദ്യോഗസ്ഥരോട് ശബ്ദമുയർത്തി സംസാരിച്ചത് താനായിരുന്നു. മന്ത്രിയുടെ കള്ളത്തരങ്ങൾ വിളിച്ചു പറഞ്ഞത് താനായിരുന്നു.
കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യമില്ലാ വകുപ്പുകൾ ചേർത്തു. റിമാൻഡ് ചെയ്ത് അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് കൊണ്ടു പോകുമ്പോൾ ചെങ്ങന്നൂർ എസ്ഐ അഭിലാഷ് പറഞ്ഞത് ഇനി സമരത്തിന് നിന്നെ കണ്ടാൽ അനുഭവം ഇതിലും ഭീകരമായിരിക്കുമെന്നായിരുന്നു. നീ പുറംലോകം കാണില്ലെന്നും ഭീഷണി മുഴക്കി. ജയിലിൽ നിന്ന് ഇറങ്ങിയ സിന്ധു വർധിത വീര്യത്തോടെ സമരരംഗത്തുണ്ട്. പ്രധാന നേതാവായും മാറിക്കഴിഞ്ഞു.
ഡിപിആറിൽ ആരും കാണാതെ കിടക്കുന്ന ഒരു അപകടത്തെ കുറിച്ചു കൂടി സിന്ധു പറയുന്നു. 20 മീറ്റർ ബഫർ സോൺ മാത്രമല്ല, ലൈനിന് ഇരുവശത്തുമായി അഞ്ഞൂറു മീറ്റർ ദൂരത്തിലുള്ള എല്ലാ വീട്ടുകാരും ഒഴിഞ്ഞു പോകേണ്ടി വരുമെന്നതാണ് ആ അപകടം. സിൽവർ ലൈൻ പണിയുടെ സാധന സാമഗ്രികൾ ഇറക്കിയിടേണ്ടതായിട്ടുണ്ട്. കൂറ്റൻ ട്രെയിലറിൽ ടൺ കണക്കിന് സാധനങ്ങൾ കൊണ്ടു വരുമ്പോൾ അത് ഇറക്കിയിടാനുള്ള സ്ഥലത്തേക്ക് പോകാൻ റോഡുകളും വേണ്ടി വരും.
അതിനൊക്കെ വേറെ സ്ഥലം വേണ്ടി വരും. ഇതിനായി കണ്ടെത്തുന്ന ഭാഗത്തും കുടിയൊഴിപ്പിക്കലുണ്ടാകും. അടുത്തതാതി വരാൻ പോകുന്നത് അതിനുള്ള നോട്ടീസായിരിക്കുമെന്നും സിന്ധു പറയുന്നു. നിലവിലെ അലൈൻമെന്റും മന്ത്രിയുടെ വീടും തമ്മിൽ ഏകദേശം 250 മീറ്റർ ദൂരമുണ്ട്. സമാനമാണ് മന്ത്രിയുടെ സഹോദരന്റെ വീട്ടിൽ നിന്നുമുള്ള ദൂരം. രണ്ടു തവണ അലൈൻമെന്റിൽ മാറ്റം വരുത്തി. ആദ്യ അലൈൻമെന്റിൽ മന്ത്രിയുടെ വീട് അടക്കം ഉൾപ്പെട്ടിരുന്നു എന്നാണ് ആരോപണം. അങ്ങനെയാണ് മുളക്കുഴ പഞ്ചായത്ത് ഓഫിസിന് കിഴക്ക് കോട്ട ഭാഗത്തുകൂടി പോയിരുന്ന അലൈൻമെന്റ് പിന്നീട് പടിഞ്ഞാറു ഭാഗത്തേക്ക് മാറിയതെന്നും കൊഴുവല്ലൂരിലെ സമരസമിതി നേതാവ് സിന്ധു ജെയിംസ് പറയുന്നു.