നമ്പർ 18 പോക്സോ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ അഞ്ജലി റീമാ ദേവ്

0

നമ്പർ 18 പോക്സോ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ അഞ്ജലി റീമാ ദേവ്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് അയച്ച നോട്ടീസ് അഞ്ജലി ഇതുവരെ കൈപ്പറ്റിയിട്ടില്ല. അഞ്ജലിയുടെ ബന്ധുവിനാണ് പൊലീസ് നോട്ടീസ് കൈമാറിയത്. ഇന്ന് കൂടി ഹാജരായില്ലെങ്കിൽ കോഴിക്കോട് പന്തീരാങ്കാവിലെ അഞ്ജലിയുടെ വീട്ടിൽ നോട്ടീസ് പതിയ്ക്കാനാണ് തീരുമാനം.

നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ അഞ്ജലി റിമ ദേവിന് ഇന്ന് വീണ്ടും നോട്ടീസ് നൽകും. നാളെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ ആണ് നോട്ടീസ് നൽകുക. നോട്ടീസ് കോഴിക്കോട്ടെ വീട്ടിൽ പതിക്കും. അഞ്ജലിയെ കാണാൻ ഉദ്യോഗസ്ഥർക്ക് കഴിയാത്ത സാഹചര്യത്തിൽ ആണ് നോട്ടീസ് വീട്ടിൽ പതിക്കുന്നത്. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാക്കുമെന്ന് അഞ്ജലി അറിയിച്ചില്ലെന്നും പൊലീസ് പറയുന്നു.

ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അഞ്ജലിക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഹാജരാകുമെന്ന് അഞ്ജലി ഇത് വരെ അറിയിച്ചിട്ടില്ല. അന്വേഷണസംഘത്തിന്‍റെ നോട്ടീസ് അഞ്ജലി നേരിട്ട് കൈപ്പറ്റിയിട്ടുമില്ല. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് കഴിഞ്ഞ തവണയും അന്വേഷണ സംഘം നോട്ടീസ് നൽകിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് അഞ്ജലിക്ക് നോട്ടീസ് നൽകിയത്. ഇന്ന് മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു നീക്കം. പക്ഷേ, അഞ്ജലി ഇതുവരെ നോട്ടീസ് കൈപ്പറ്റിയിട്ടില്ല. അഞ്ജലിയെ ഇതുവരെ കണ്ടിട്ടില്ല എന്നാണ് നോട്ടീസ് കൈപ്പറ്റിയ ബന്ധു പൊലീസിനു നൽകിയ മൊഴി.

വയനാട് സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നമ്പർ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒന്നാം പ്രതിയും ഹോട്ടൽ ഉടമയുമായ റോയി വയലാറ്റ് രണ്ടാം പ്രതി സൈജു തങ്കച്ചൻ എന്നിവരുടെ ഹർജി സിംഗിൾ ബെഞ്ച് നിരസിച്ചിരുന്നു.ആദ്യ രണ്ടു പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്.

മോഡലുകളുടെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉൾപ്പെടെ എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രതി സൈജു തങ്കച്ചൻ അമിതവേഗത്തിൽ വാഹനം പിന്തുടർന്നതാണ് മോഡലുകളടെ വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. വാഹനം ഓടിച്ചിരുന്ന അബ്ദുൾ റഹ്മാൻ അമിതമായി മദ്യപിച്ചിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. റോയ് വയലാറ്റും സൈജുവും ദുരുദ്ദേശത്തോടെ ഹോട്ടലിൽ തങ്ങാൻ നിർദേശിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിന് മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here