വനിതാ കമ്മിഷൻ സിറ്റിങ് നടക്കുന്ന വേദിയിൽ അതിക്രമിച്ചു കയറി ജീവനക്കാർക്കു നേരെ മുളകുപൊടി വിതറി വയോധിക

0

തൃശൂർ ∙ വനിതാ കമ്മിഷൻ സിറ്റിങ് നടക്കുന്ന വേദിയിൽ അതിക്രമിച്ചു കയറി ജീവനക്കാർക്കു നേരെ മുളകുപൊടി വിതറി വയോധിക. സിറ്റിങ് ആരംഭിക്കുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. മുളങ്കുന്നത്തുകാവ് സ്വദേശിയായ എഴുപതുകാരിയാണ് ഉച്ചത്തിൽ ബഹളമുണ്ടാക്കി വേദിയിലേക്കു കയറുകയും മുളകുപൊടിയെറിയുകയും ചെയ്തത്. ആരുടെയും ദേഹത്തേക്കു മുളകുപൊടി നേരിട്ടു വീണില്ലെങ്കിലും മുളകുപൊടി പറന്നതു ജീവനക്കാർക്കു ദേഹാസ്വാസ്ഥ്യമുണ്ടാക്കി. ഈസ്റ്റ് പൊലീസ് എത്തി വയോധികയെ കസ്റ്റഡിയിലെടുത്തു.

തന്റെ ഭർത്താവ് മരിച്ചതു ചികിത്സാപ്പിഴവു കൊണ്ടാണെന്നാരോപിച്ച് ഇവർ കമ്മിഷനു പരാതി നൽകിയിരുന്നു. 8 ഡോക്ടർമാരെ പ്രതിചേർത്തു കൊണ്ടായിരുന്നു പരാതി. എന്നാൽ, ഡോക്ടർമാരുടെ പേരല്ലാതെ മറ്റു വിവരങ്ങൾ പരാതിയിൽ ഇല്ലായിരുന്നെന്നു കമ്മിഷനിലെ ജീവനക്കാർ പറയുന്നു. ഇക്കാര്യങ്ങൾ കൂട്ടിച്ചേർക്കാൻ കഴിഞ്ഞ സിറ്റിങ്ങിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തനിക്കു നീതി കിട്ടിയില്ലെന്നു ചൂണ്ടിക്കാട്ടി വയോധിക രാവിലെ 11 മണിയോടെ ടൗൺ ഹാളിലെത്തി. തുടർന്ന് വേദിയിലെത്തി ജീവനക്കാർക്കു നേരെ മുളകുപൊടിയെറിഞ്ഞു.

കമ്മിഷനംഗം ഷിജി ശിവജി അടക്കമുള്ളവർ ഈ സമയം വേദിയിലെത്തിയിരുന്നില്ല. പൊലീസ് എത്തി ഇവരെ കൂട്ടിക്കൊണ്ടുപോയശേഷം മുളകുപൊടി തൂത്തുകളഞ്ഞ ശേഷമാണു യോഗം തുടങ്ങാനായത്.

Leave a Reply