സിജു തച്ചപ്പിള്ളി
പെരുമ്പാവൂർ: പുല്ലുവഴി സ്നേഹ ജ്യോതി ശിശുഭവനിൽ നിന്നും എട്ടു വയസുകാരി ചാടിപ്പോയി. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. അസമയത്ത് അലഞ്ഞു തിരിയുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കുട്ടിയെ സുരക്ഷിതയാക്കി.
രായമംഗലം പഞ്ചായത്ത് മെമ്പർ മിനി നാരായണൻ കുട്ടിയുടെ സാന്നിധ്യത്തിൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ശിശുഭവനിൽ താമസിക്കുന്ന കുട്ടിയാണെന്ന് അറിഞ്ഞത്. ഉടൻ തന്നെ കുറുപ്പംപടി പോലീസിലും രായമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദീപ ജോയിയേയും വിവരമറിയിക്കുകയായിരുന്നു.
കുട്ടി ആദ്യം പറഞ്ഞത് മൂന്നാറിലാണ് വീട് എന്നും കറുത്ത കാറിൽ ഒരു അങ്കിൾ ഇവിടെ ഇറക്കിവിട്ടു എന്നുമാണ്. ഇതോടെ നാട്ടുകാർ പരിഭ്രാന്തരായി. കൂടുതൽ കാര്യങ്ങൾ ചോദിച്ചതോടെയാണ് സ്നേഹ ജ്യോതി ശിശുഭവനിലെ അന്തേവാസിയാണെന്ന് പറഞ്ഞത്. ശിശുഭവനിലുള്ളവരെ ഭയമാണെന്നും അവിടേക്ക് ഇനി വിടരുതെന്നും കുട്ടി കരഞ്ഞ് പറഞ്ഞതോടെ കൂടുതൽ ആശങ്കയായി.

ഉടൻ തന്നെ കുറുപ്പംപടി പോലീസ് സ്ഥലത്തെത്തിയെങ്കിലും നിസഹായരായി നോക്കി നിൽക്കാനെ അവർക്കും സാധിച്ചുള്ളു. വനിത പോലീസ് ഇല്ലാതെ അന്വേഷണത്തിന് എത്തിയതാണ് പോലീസുകാർക്ക് വിനയായത്. തുടർന്ന് വൈസ് പ്രസിഡൻ്റ് ദീപ ജോയി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു.
ഇതിനിടെ സ്നേഹ ജ്യോതി ശിശുഭവൻ്റെ ചുമതലക്കാരെന്ന് അവകാശപ്പെട്ട് രണ്ട് പേർ സ്ഥലത്തെത്തി. നിരുത്തരവാധിത്വപരമായ രീതിയിൽ സ്ഥാപനം നടത്തുന്നതിനെതിരെ നാട്ടുകാർ ശബ്ദമുയർത്തിയതോടെ വാക്കുതർക്കമായി. നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പതറിയ ഇവർക്ക് സ്ഥാപനത്തിൽ എത്ര കുട്ടികൾ താമസിക്കുന്നുണ്ട് എന്നു പോലും അറിയില്ലായിരുന്നു. ഏകദേശം നൂറ് പേർ താമസിക്കുന്നുണ്ടെന്ന് മാത്രമാണ് ഇവർ പറഞ്ഞത്. ഇതോടെ ശിശുഭവനിൽ കുട്ടികൾ സുരക്ഷിതരല്ലെന്നും ഇവർക്കെതിരെ നടപടി എടുക്കണമെന്നും നാട്ടുകാർ പോലീസിനോട് ആവശ്യപ്പെട്ടതോടെ രംഗം കൂടുതൽ വഷളായി. കെട്ടിടത്തിനും മറ്റും അംഗീകാരമില്ലെന്നും കൃത്യമായ സ്റ്റാഫ് പാറ്റേൺ പാലിക്കുന്നില്ലെന്നുമുള്ള ആരോപണവുമായി പൊതുപ്രവർത്തകനായ ഏംഗൽസ് നായരും രംഗത്തെത്തി.

സ്നേഹ ജ്യോതി ശിശുഭവൻ്റെ പി.ആർ.ഒ എന്ന വ്യാജേനെ എത്തിയ പുല്ലുവഴി സ്വദേശി സ്ഥാപനത്തിലെ ജീവനക്കാരൻ അല്ലെന്നായിരുന്നു ഏംഗൽസ് നായരുടെ ആരോപണം. കുട്ടി രണ്ടു മാസം പ്രായമുള്ളപ്പോൾ ശിശുഭവനിൽ എത്തിയതാണെന്ന് അധികൃതർ പറഞ്ഞു. അസുഖത്തെ തുടർന്ന് കുട്ടിയെ ഇന്നലെ മുറി മാറ്റിയെന്നും ഇതുമൂലം കൂട്ടുകാരിൽ നിന്നും ഒറ്റപ്പെട്ടു പോയെന്ന മനോവിഷമത്തിൽ കുട്ടി ഇറങ്ങി പോയതാകാം എന്നാണ് അധികൃതരുടെ നിഗമനം. കുട്ടിയുടെ അമ്മയായ മൂന്നാർ സ്വദേശിനി കഴിഞ്ഞ ദിവസം ശിശുഭവനിൽ എത്തിയിരുന്നു. കുട്ടിയെ കൂട്ടികൊണ്ടു പോകാൻ സന്നദ്ധത അറിയിച്ചിരുന്നു.
കുട്ടിഅമ്മയെ കാണാൻ ഇറങ്ങി തിരിച്ചതാണോ എന്നും സംശയമുണ്ട്. ശിശുഭവനിലേക്ക് പോകണ്ടെന്ന് പറഞ്ഞ കുട്ടി ഭാരവാഹികളെ കണ്ടതോടെ നിലപാട് മാറ്റി. ശിശുഭവനിലേക്ക് തന്നെ പോയാൽ മതിയെന്ന് പറഞ്ഞതോടെ നാട്ടുകാരും കുഴപ്പത്തിലായി. അപ്പോഴേക്കും ചൈൽഡ് വെൽഫയർ കമ്മിറ്റിയിൽ നിന്നും വിളിയെത്തി. അതോടെ വനിതാ പോലീസ് ഇല്ലാതെ കുട്ടിയെ കൊണ്ടുപോകാനാകാതെ അന്വേഷണത്തിന് എത്തിയവരും കുഴങ്ങി. പിന്നീട് നാട്ടുകാരൻ്റെ കാറിൽ മെമ്പർ മിനി നാരായണൻ കുട്ടിയും വൈസ് പ്രസിഡൻ്റും ചേർന്ന് കുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ചുമതലയുള്ള മഞ്ജുള പ്രസന്നൻ്റെ പുല്ലുവഴിയിലുള്ള വീട്ടിൽ എത്തിച്ചു.
കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം കുട്ടിയെ കാക്കനാട് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റാൻ നിർദേശം നൽകി. അപ്പോഴും കുഴപ്പത്തിലായത് പോലീസാണ്. വനിതാ പോലീസില്ലാതെ കുട്ടിയെ കൊണ്ടുപോകാനാകാതെ വീണ്ടും കുഴങ്ങി. ഒടുവിൽ ഡ്യൂട്ടി കഴിഞ്ഞു പോയ വനിത ഉദ്യോഗസ്ഥയെ തിരിച്ചു വിളിച്ച ശേഷമാണ് കുട്ടിയെ ചിൽഡ്രൻസ് ഹോമിലേക്ക് കൊണ്ടു പോയതെന്നാണ് വിവരം.