ഡി.സി.സി. ഭാരവാഹി നിയമനം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ പുനഃസംഘടന ധൃതിയില്‍ വേണ്ടെന്നു ധാരണ

0

തിരുവനന്തപുരം: ഡി.സി.സി. ഭാരവാഹി നിയമനം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്‌ പുനഃസംഘടന ധൃതിയില്‍ വേണ്ടെന്നു ധാരണ. കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരനും പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പുനഃസംഘടന സംബന്ധിച്ച്‌ പുരോഗതിയില്ലാത്തതിനാലാണ്‌ ഈ തീരുമാനം.
പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ 31 വരെ സമയമുള്ളതിനാല്‍ ഭാരവാഹികളുടെ നിയമനത്തില്‍ ധൃതി കാട്ടേണ്ടെന്നാണ്‌ ഇവര്‍ക്കിടയിലെ ധാരണ. അംഗത്വവിതരണം സജീവമായി നടക്കേണ്ട സന്ദര്‍ഭത്തില്‍ പ്രവര്‍ത്തകരുടെ ശ്രദ്ധ മാറ്റുന്നവിധം തിരക്കിട്ട്‌ പുനഃസംഘടനയിലേക്ക്‌ തല്‍ക്കാലം പോകുന്നില്ല. അംഗത്വ വിതരണം ലക്ഷ്യത്തിലെത്തിക്കാന്‍ എല്ലാ വഴികളും തേടണമെന്നും തീരുമാനിച്ചിട്ടുണ്ട്‌. അതിനാകും മുഴുവന്‍ ശ്രദ്ധയും നല്‍കുക.
നേരത്തേ ഭാരവാഹികളുടെ അന്തിമ കരടുപട്ടികയ്‌ക്ക്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രൂപം നല്‍കിയെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന്‌ പുനഃസംഘടന തന്നെ മരവിപ്പിച്ചു. പിന്നീട്‌ കേരളത്തിലെ സ്‌ഥിതി മോശമാകുന്നുവെന്ന ബോദ്ധ്യം വന്നതോടെയാണ്‌ എല്ലാവരുമായി ചര്‍ച്ച നടത്തി പുനഃസംഘടന നടത്താന്‍ ഹൈക്കമാന്‍ഡ്‌ അനുമതി നല്‍കിയത്‌. അതിന്റെ ഭാഗമായി സുധാകരനും സതീശനും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും മൂന്നു ജില്ലകളിലെ പട്ടികകളില്‍ മാത്രമാണ്‌ ഏകദേശ ധാരണയെങ്കിലുമായത്‌. മറ്റിടങ്ങളില്‍ തര്‍ക്കവും മറ്റും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ്‌ പുനഃസംഘടന ധൃതിപിടിച്ച്‌ വേണ്ടെന്നു തീരുമാനിച്ചത്‌.

LEAVE A REPLY

Please enter your comment!
Please enter your name here