ഇൻസ്റ്റാഗ്രാം നിരോധിച്ചതിന് പിന്നാലെ സമാന സ്വഭാവമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം റഷ്യയിൽ തയ്യാറെടുക്കുന്നു

0

മോസ്കോ: ഇൻസ്റ്റാഗ്രാം നിരോധിച്ചതിന് പിന്നാലെ സമാന സ്വഭാവമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം റഷ്യയിൽ തയ്യാരെടുക്കുന്നു. റഷ്യയിലെ ചില ടെക് സംരംഭകർ ചേർന്നാണ് റോസ്ഗ്രാം എന്ന പേരിൽ പുതിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിന് രൂപം കൊടുക്കുന്നത്. പേരിലുള്ള സാദൃശ്യം മാത്രമല്ല, റോസ്ഗ്രാമിന്റെ രൂപകൽപ്പനയും ലേഔട്ടും ഇൻസ്റ്റഗ്രാമിന് സമാനമാണ്.

റോസ്‌ഗ്രാം മാർച്ച് 28 മുതൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമാകും എന്നാണ് നിർമ്മാതാക്കൾ അറിയിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്നും വ്യത്യസ്തമായി “ക്രൗഡ് ഫണ്ടിംഗും ചില ഉള്ളടക്കങ്ങൾക്കുള്ള പണമടച്ചുള്ള ആക്‌സസ്സും” പോലുള്ള പ്രത്യേകതകൾ റോസ്ഗ്രാമിൽ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു.

റോസ്‌ഗ്രാം ആരംഭിക്കുന്നതിന് മുന്നോടിയായി ഇതിൻറെ പബ്ലിക് റിലേഷൻസ് ഡയറക്ടർ അലക്സാണ്ടർ സോബോവ് ചില കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. “എൻറെ പാർട്ണറായ കിറിൽ ഫിലിമോനോവും ഞങ്ങളുടെ ഡെവലപ്പർമാരുടെ ഗ്രൂപ്പും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു, ഇൻസ്റ്റഗ്രാം എല്ലാവർക്കും പ്രിയപ്പെട്ടതാണ്, അതിൻറെ റഷ്യൻ അനലോഗ് സൃഷ്ടിക്കാനുള്ള അവസരം നഷ്‌ടപ്പെടുത്തരുതെന്ന് തീരുമാനിച്ചു, അതാണ് റോസ്ഗ്രാം,” അദ്ദേഹം പറയുന്നു.

ഡിസൈനിലും പ്രവർത്തനത്തിലും ഇൻസ്റ്റഗ്രാം പകർപ്പ് എന്ന് തന്നെയാണ് റോസ്ഗ്രാമിനെ സോബോവ് വെളിപ്പെടുത്തുന്നത്. നിറങ്ങളുടെ സ്കീമും ലേഔട്ടും മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമിന് സമാനമാണ്. റോസ്ഗ്രാമിന്റെ രൂപകൽപ്പനയെക്കുറിച്ച് ഇൻസ്റ്റഗ്രാം മാതൃകമ്പനി മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മാർച്ച് 14 ന് റഷ്യൻ സ്റ്റേറ്റ് കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ റോസ്‌കോംനാഡ്‌സോറാണ് ഇൻസ്റ്റാഗ്രാം റഷ്യയിൽ നിരോധിച്ചത്. “റഷ്യൻ ആക്രമണകാരികൾക്ക് മരണം” പോലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യാൻ ഉക്രെയ്നിലെ സോഷ്യൽ മീഡിയ ഉപയോക്താക്കളെ അനുവദിക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു നിരോധനം. ഏകദേശം 80 ദശലക്ഷം ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ റഷ്യയിൽ ഉണ്ടെന്നാണ് കണക്ക്. ഇവരുടെ ഒരു പ്ലാറ്റ്ഫോം ആണ് പുടിൻ ഭരണകൂടം അടച്ചത്.

വിദ്വേഷ പ്രസംഗ നയത്തിലെ മാറ്റം റഷ്യയുടെ അധിനിവേശത്തിനുശേഷം ഉക്രെയ്‌നിന് മാത്രമേ ബാധകമാകൂ എന്നും മെറ്റ പറഞ്ഞിരുന്നു. സക്കർബർഗിന്റെ നേതൃത്വത്തിലുള്ള കമ്പനി ഉക്രേനിയക്കാരെ “അക്രമിക്കുന്ന സൈനിക ശക്തികളോട് തങ്ങളുടെ ചെറുത്തുനിൽപ്പും രോഷവും പ്രകടിപ്പിക്കുന്നതിൽ” തടയില്ലെന്ന് നയം സ്വീകരിച്ചിരുന്നു.

Leave a Reply