കുമളിക്ക് സമീപം മുരിക്കടിയില്‍ മണ്ണു മാഫിയ ഓട്ടോഡ്രൈവറെ രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദ്ദിച്ചെന്ന് പരാതി

0

കുമളിക്ക് സമീപം മുരിക്കടിയില്‍ മണ്ണു മാഫിയ ഓട്ടോഡ്രൈവറെ രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദ്ദിച്ചെന്ന് പരാതി. കോണ്‍ക്രീറ്റ് റോഡിലൂടെ ഹിറ്റാച്ചി ഓടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണം. പരുക്കേറ്റ മുരിക്കടി സ്വദേശി റോബിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരിക്കടി എസ് വളവിലാണ് സംഭവം. ഇവിടെ രണ്ടിടങ്ങളില്‍ നിന്നും ആഴ്ചകളായി കുന്നിടിച്ച് മണ്ണെടുത്ത് വില്‍പ്പന നടത്തുന്നുണ്ടായിരുന്നു. വീട് വയ്ക്കാനെന്ന പേരില്‍ അനുമതി വാങ്ങിയായിരുന്നു വന്‍തോതിലുള്ള മണ്ണെടുപ്പ്. ഇതിനായി എത്തിച്ച ഹിറ്റാച്ചികളിലൊന്ന് രാത്രിയില്‍ ജനവാസ മേഖലയിലെ കോണ്‍ക്രീറ്റ് റോഡിലൂടെ ഓടിച്ചു കൊണ്ടു വന്നു. വീടിനു സമീപത്ത് എത്തിയപ്പോള്‍ റോബിന്‍ ഇത് തടഞ്ഞതിനെ തുടര്‍ന്ന് തര്‍ക്കമായി. ഇതിനിടെ മണ്ണുമാഫിയയില്‍ പെട്ടവര്‍ റോബിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് പോലീസെത്തി ഇരു കൂട്ടരെയും പറഞ്ഞു വിട്ടു. തുടര്‍ന്ന് രാത്രി രണ്ടു മണിയോടെ ഒരു സംഘമെത്തി വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് റോബിനും വീട്ടുകാരും പറയുന്നത്.

നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ രക്ഷപെടുന്നതിനിടെ അക്രമികള്‍ എത്തിയ കാര്‍ കുഴിയിലേക്ക് മറിഞ്ഞു. അടിയേറ്റ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള്‍ വീണ്ടും ആക്രമണമുണ്ടായി.

സംഭവമറിഞ്ഞിട്ടും നടപടിയെടുക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്നും പരാതിയുണ്ട്. കുമളിക്കടുത്ത് പലഭാഗത്തായി ഇത്തരത്തില്‍ രാപകല്‍ ഭേദമെന്യേ വന്‍തോതില്‍ മണ്ണെടുപ്പ് നടക്കുന്നുണ്ടെങ്കിലും റവന്യൂ പോലീസ് അധികൃതര്‍ നടപടി എടുക്കാതെ മണ്ണുമാഫിയക്ക് ഒത്താശ ചെയ്യുകയാണെന്നും പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here