സൗദിയിൽ നിയമവിരുദ്ധമായി താമസിച്ച 13,000 പ്രവാസികൾ പിടിയിൽ

0

റിയാദ്: സൗദിയിൽ നിയമവിരുദ്ധമായി താമസിച്ച 13,000 പ്രവാസികൾ പിടിയിൽ. ഒരാഴ്ച്ചക്കിടെ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ ആളുകൾ പിടിയിലായത്. തൊഴിൽ, താമസ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി കഴിഞ്ഞു വന്നവരെയാണ് സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ പരിശോധനയിൽ പിടികൂടിയത്.

ഇതിൽ 7,300 ത്തോളം പേർ താമസ നിയമം ലംഘിച്ചവരും 4,000 ത്തോളം പേർ അതിർത്തി സുരക്ഷാ ലംഘനം നടത്തിയവരുമാണ്. തൊഴിൽ നിയമ ലംഘനത്തിന് 1,900 ത്തോളം പേരും പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 294 പേർ അറസ്റ്റിലായി. ഇവരിൽ 34 ശതമാനം യെമൻ പൗരന്മാരും 65 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്.

271 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 1,03,000 ത്തോളമായി.

ഇവരിൽ 90,000 ത്തിലധികം പുരുഷന്മാരും 12,000 ത്തിലധികം സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 90,000 ത്തിലധികം നിയമലംഘകരെ അവരുടെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അതാത് രാജ്യത്തെ നയതന്ത്ര കാര്യാലയ ഓഫീസുകളിലേക്ക് റഫർ ചെയ്തു. 95,000 ത്തിലധികം പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 2,300 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here