കെഎസ്ഇബി പാര്‍ട്ടി ഓഫീസ് പോലെ പ്രവര്‍ത്തിച്ചു, ആരോപണങ്ങള്‍ ഞെട്ടിക്കുന്നതെന്ന് വി.ഡി സതീശന്‍

0

തിരുവനന്തപുരം: പാർട്ടി ഓഫീസ് പോലെ കെഎസ്ഇബി പ്രവർത്തിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചെയർമാൻ ഉന്നയിച്ച ആരോപണങ്ങൾ ഗുരുതരമാണ്. ഇതിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെഎസ്ഇബിയുടെ നൂറുകണക്കിന് ഏക്കർ സ്ഥലങ്ങൾ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങൾക്ക് തുച്ഛമായ പാട്ടത്തിന് കൊടുത്തു. കോടികളുടെ നഷ്ടമാണ് ഇതുവഴി കെഎസ്ഇബിക്കുണ്ടായത്. ഈ നഷ്ടം സാധാരണക്കാരുടെ തലയിലിട്ടു.

ബോർഡറിയാതെ വിളിക്കാൻ പോകുന്ന ടെൻഡർ വിവരങ്ങൾ പോലും കരാറുകാർക്ക് ചോർത്തി കൊടുക്കുന്നുവെന്ന ചെയർമാന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. നിയമനം നടത്തിയത് പോലും റെഗുലേറ്ററി ബോർഡ് അറിഞ്ഞിട്ടില്ല. 2016 മുതൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെയാണ്. ഇത് അന്വേഷിക്കേണ്ടുന്ന ഉത്തരവാദിത്തം സർക്കാരിനുണ്ട്.

5000 കോടിയുടെ ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നു. പഴയ വൈദ്യുത മന്ത്രിയുടെ കാലത്താണ് ഈ അഴിമതി നടന്നിരിക്കുന്നത്. സമീപകാലത്ത് കേൾക്കാത്ത ആരോപണങ്ങളാണ് ചെയർമാൻ ഉന്നയിച്ചിരിക്കുന്നത്. പാർട്ടി ആഫീസ് പോലെ കെഎസ്ഇബി പ്രവർത്തിച്ചു.

കേരളം നിക്ഷേപ സൗഹൃദമല്ല എന്ന സന്ദേശം കൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പക്ഷെ ഭരണകക്ഷി ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ എങ്ങനെ കേരളത്തിലേക്ക് നിക്ഷേപം വരും. കേരളം നിക്ഷേപ സൗഹൂദമാണെന്ന വാദം പൊള്ളയാണെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു

Leave a Reply