എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ

0

ന്യൂഡൽഹി:എല്ലാവർക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. കോവിഡിന്റെ മൂന്നാംതരംഗം ഇന്ത്യയിൽ അവസാനഘട്ടത്തിലാണ്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് എല്ലാവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നത് പരിശോധിക്കുന്നത്. ഇക്കാര്യം ചർച്ചചെയ്യാൻ ദേശീയ സാങ്കേതിക ഉപദേശകസമിതി (എൻ.ടി.എ.ജി.ഐ.). അടുത്തയാഴ്ച യോഗംചേരും.

നാലുമാസംവരെയാണ് ബൂസ്റ്റർ ഡോസിന് പ്രതിരോധം നൽകാനാവുക. ആവർത്തിച്ചുള്ള ബൂസ്റ്റർ ഡോസുകൾ ഗുണത്തേക്കാൾ ദോഷംചെയ്തേക്കാമെന്ന യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ മുന്നറിപ്പുണ്ട്. പ്രതിരോധസംവിധാനത്തെ പ്രതികൂലമായി ബാധിക്കാമെന്നതിനാൽ ബൂസ്റ്റർ ഡോസ് ശുപാർശചെയ്യില്ലെന്നും ഏജൻസി വ്യക്തമാക്കുന്നു.

രണ്ടുകോടി കൗമാരക്കാർക്ക് വാക്സിന്റെ രണ്ടു ഡോസും നൽകി

രണ്ടുകോടി കൗമാരക്കാർക്ക് കോവിഡ് വാക്സിന്റെ രണ്ടുഡോസും നൽകിയതായി ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രാജ്യത്തെ യുവാക്കൾ വാക്സിൻ യജ്ഞം വിജയകരമായ അടുത്തഘട്ടത്തിലേക്കെത്തിച്ചെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. അർഹതയുള്ളവർ എത്രയും വേഗം കുത്തിവെപ്പെടുക്കണമെന്നും ആവശ്യപ്പെട്ടു. ആകെ 7.5 കോടി കൗമാരക്കാർക്കാണ് വാക്സിന് അർഹതയുള്ളത്. ജനുവരി മൂന്നിനാണ് ഇവർക്ക് വാക്സിനേഷൻ ആരംഭിച്ചത്.

Leave a Reply