സര്‍വകലാശാലകള്‍ക്ക്‌ പെന്‍ഷന്‍ ഫണ്ട്‌ നല്‍കില്ലെന്നു സര്‍ക്കാര്‍ , സ്വന്തമായി ഫണ്ട്‌ കണ്ടെത്താന്‍ നിര്‍ദേശം

0

തിരുവനന്തപുരം : പെന്‍ഷന്‍ വേണോ, തനത്‌ ഫണ്ടില്‍നിന്ന്‌ ഇനി കണ്ടെത്തണമെന്ന്‌ സര്‍വകലാശാലകളോട്‌ ധനവകുപ്പ്‌. അത്യാവശ്യത്തിനു ഫണ്ടില്ലെങ്കില്‍ ബാങ്കുകളില്‍നിന്നു വായ്‌പയെടുക്കാനും നിര്‍ദേശം.
ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം എല്ലാ മാസവും പെന്‍ഷന്‍ ഫണ്ടിലേക്കു മാറ്റണം. ഇതിന്റെ 10 ശതമാനം ഗ്രാന്റിനത്തില്‍ സംസ്‌ഥാന വിഹിതമായി നല്‍കും. ബാക്കി 15 ശതമാനം സര്‍വകലാശാലകള്‍ തനത്‌ ഫണ്ടില്‍ നിന്നും കണ്ടെത്തേണ്ടതാണെന്നും ധനകാര്യ സെക്രട്ടറി സഞ്‌ജയ്‌.എം. കൗളിന്റെ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ അനുവദിക്കുന്ന നോണ്‍ പ്ലാന്‍ ഗ്രാന്റില്‍നിന്നാണ്‌ വിരമിച്ച ജീവനക്കാരുടെയും അധ്യാപകരുടേയും പെന്‍ഷനും മറ്റ്‌ ആനുകൂല്യങ്ങളും സര്‍വകലാശാലകള്‍ നല്‍കിവന്നത്‌. എന്നാല്‍, ഇനി സര്‍വകലാശാലകള്‍ പുതുതായി രൂപീകരിക്കുന്ന പെന്‍ഷന്‍ ഫണ്ടില്‍ നന്നാവണം സ്‌റ്റാറ്റ്യൂട്ടറി പെന്‍ഷന്‍കാരുടേയും, നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍പ്പെട്ടവരുടെയും പെന്‍ഷന്‍, ക്ഷാമാശ്വാസം, കുടിശിക, ഡി.സി.ആര്‍.ജി, കമ്മ്യൂട്ടേഷന്‍, സറണ്ടര്‍, കുടുംബ പെന്‍ഷന്‍ തുടങ്ങിയവ നല്‍കാന്‍.
ആഭ്യന്തര വരുമാനത്തിലുള്ള കുറവും, ജീവനക്കാരുടെയും അധ്യാപകരുടെയും വര്‍ധനവും കാരണം വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാവാതെ നട്ടം തിരിയുകയാണ്‌ പല സര്‍വകലാശാലകളും. അതിനാല്‍ സര്‍വകലാശാലാ വിഹിതമായ 15 ശതമാനം പെന്‍ഷന്‍ ഫണ്ടില്‍ അടയ്‌ക്കാനാവില്ലെന്ന്‌ സര്‍വകലാശാലാ ധനകാര്യ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ പറയുന്നു.
പുതിയ പെന്‍ഷന്‍ ഫണ്ട്‌ സ്‌കീം നടപ്പിലാകുന്നതോടെ കെ.എസ്‌.ആര്‍.ടി.സിക്കു സമാനമായി പെന്‍ഷനും പെന്‍ഷന്‍ ആനുകൂല്യങ്ങളും താളം തെറ്റുമെന്ന ആശങ്കയിലാണ്‌ സര്‍വകലാശാലാ ജീവനക്കാരും അധ്യാപകരും.

Leave a Reply