ഷിബിലിയെയും ഷാദുലിയെയും വധശിക്ഷയ്‌ക്കു വിധിച്ച കോടതിവിധി തീര്‍ത്തും ദുഃഖകരമാണെന്നും മക്കള്‍ നിരപരാധികളാണെന്ന ഉറച്ച വിശ്വാസമുണ്ടെന്നും പിതാവ്‌ പി.എസ്‌. അബ്‌ദുള്‍ കരീം

0

ഈരാറ്റുപേട്ട: ഷിബിലിയെയും ഷാദുലിയെയും വധശിക്ഷയ്‌ക്കു വിധിച്ച കോടതിവിധി തീര്‍ത്തും ദുഃഖകരമാണെന്നും മക്കള്‍ നിരപരാധികളാണെന്ന ഉറച്ച വിശ്വാസമുണ്ടെന്നും പിതാവ്‌ പി.എസ്‌. അബ്‌ദുള്‍ കരീം. നീതിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. അഭിഭാഷകരുമായി ആലോചിച്ച്‌ അപ്പീല്‍ നല്‍കും. ഇവര്‍ മറ്റൊരു കേസില്‍ ജയിലിലായി മാസങ്ങള്‍ക്കു ശേഷമാണ്‌ അഹമ്മദാബാദില്‍ സ്‌ഫോടനം നടന്നത്‌.
ജയിലായിരുന്ന മക്കള്‍ക്കു മേല്‍ സ്‌ഫോടനത്തിന്റെ ഗൂഢാലോചനക്കുറ്റമാണു ചുമത്തിയത്‌. മറ്റു പ്രതികളും വിവിധ കേസുകളില്‍ അറസ്‌റ്റിലായി പല ജയിലുകളിലായിരുന്നു. ഇവര്‍ എങ്ങനെയാണ്‌ ഒന്നിച്ചു ഗൂഢാലോചന നടത്തുക? മറ്റൊരു കേസില്‍ ഷിബിലിയെ മുംബൈ എ.ടി.എസ്‌ തലവനായിരുന്ന ഹേമന്ദ്‌ കര്‍ക്കറെ നുണപരിശോധന നടത്തി കുറ്റവിമുക്‌തനാക്കിയിരുന്നു. ഈ കേസിലും നുണപരിശോധന പോലെയുള്ള ശാസ്‌ത്രീയ പരിശോധനകള്‍ നടത്തിയിരുന്നെങ്കില്‍ ഇവര്‍ ശിക്ഷിക്കപ്പെടില്ലായിരുന്നു എന്ന്‌ ഉറപ്പുണ്ടെന്നും അബ്‌ദുള്‍ കരീം പറഞ്ഞു.

Leave a Reply