ആലപ്പുഴ: സംസ്ഥാനത്തെ പോലീസില്‍ കുഴപ്പക്കാരുണ്ടെന്നു സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനത്തിലുയര്‍ന്ന വിമര്‍ശനം അംഗീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അത്തരക്കാരെ ശ്രദ്ധയോടെ നിരീക്ഷിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രതിനിധി സമ്മേളന പൊതുചര്‍ച്ചയ്ക്കു ശേഷം ആഭ്യന്തര മന്ത്രി കൂടിയായ അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐക്കും എന്‍.സി.പിക്കുമെതിരേ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ അദ്ദേഹം തള്ളി. സി.പി.ഐ. ശത്രുവല്ല. അവരെ ശത്രുതയോടെ കാണരുത്. കുട്ടനാട്ടില്‍ എന്‍.സി.പി. സ്ഥാനാര്‍ഥിയാക്കിയ തോമസ് കെ. തോമസ് എം.എല്‍.എയ്ക്കെതിരേ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍െപ്പടെ ഉണ്ടായ വിമര്‍ശനങ്ങളെയും മുഖ്യമന്ത്രി ഖണ്ഡിച്ചു. കുട്ടനാട് എം.എല്‍.എയെ നിയന്ത്രിക്കേണ്ടത് എന്‍.സി.പിയാണ്. അദ്ദേഹത്തെ നിയന്ത്രിക്കാന്‍ സി.പി.എം. പോകേണ്ട. വരുതിക്കു നിര്‍ത്തണമെന്ന മോഹവും വേണ്ട. എല്‍.ഡി.എഫിന്റെ ഘടകകക്ഷിയാണ് എന്‍.സി.പിയെന്ന് ഓര്‍മ്മയുണ്ടാകണം.
മുന്‍മന്ത്രി ജി. സുധാകരനെതിരേ ചില പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പൊതുചര്‍ച്ചയില്‍ ഇടപെട്ട് തടഞ്ഞ പിണറായി, ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രവര്‍ത്തനങ്ങളെ ഇന്നലെയും അതിരൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും കാണാത്ത വിഭാഗീയതയാണ് ആലപ്പുഴയിലുള്ളത്. നേരത്തേ അവസാനിപ്പിച്ച വിഭാഗീയത ഇപ്പോള്‍ പുതിയ രൂപത്തില്‍ ശക്തമായി. ഏതെങ്കിലും നേതാക്കളെ ചാരി പാര്‍ട്ടി പ്രവര്‍ത്തനം നടത്തരുത്. വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നത് ആരൊക്കെയാണെന്ന് വ്യക്തമായി അറിയാം. അവര്‍ തിരുത്തിയില്ലെങ്കില്‍ തിരുത്തിക്കും.
ചില സഖാക്കളെക്കുറിച്ച് ഉന്നയിച്ച വിമര്‍ശനങ്ങള്‍ ശരിയാണോയെന്ന് അവര്‍ സ്വയം പരിശോധിക്കണം. വിഭാഗീയത അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും. അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിഭാഗീയതയാണു പരാജയകാരണമായത്. പ്രശ്നങ്ങളുണ്ടെങ്കില്‍ തിരുത്തണം. മറിച്ചുള്ള നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നു പിണറായി മുന്നറിയിപ്പു നല്കി.