സമരം ഒത്തുതീർപ്പിലേക്ക്;നാളെ ചെയർമാനുമായി ചർച്ച;സുരക്ഷയിൽ യൂണിയനുകൾക്ക് അനുകൂല തീരുമാനം വന്നേക്കും

0

തിരുവനന്തപുരം: കെ എസ് ഇ ബിയിലെ(kseb) ഇടത് യൂണിയനുകളുടെ (citu union)അനിശ്ചിതകാല സമരം(strike) ഒത്തുതീർപ്പിലേക്ക്. ഇടത് യൂണിയനുകളുടെ സമര സമിതി പ്രതിനിധികളും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലെത്തിയത്. വൈദ്യുതി ബോർഡ് ആസ്ഥാനത്തിന് ഏർപ്പെടുത്തിയ എസ് ഐ എസ് എഫ് സുരക്ഷ തുടരണോ വേണ്ടയോ എന്നതിൽ ഇടത് ട്രേഡ് യൂണിയനുകൾക്ക് സ്വീകാര്യമായ തീരുമാനം എടുക്കാനും തീരുമാനമായി. കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകുമായി നാളെ ചർച്ച നടത്തിയശേഷം സമരം പിൻവലിക്കുന്ന തീരുമാനം അന്തിമമായി പറഞ്ഞേക്കും.

അനിശ്ചിതകാല സമരം സർക്കാരിനെ പ്രതികൂലമായി ബാധിച്ചതിനാലും ഇത് രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉപയോ​ഗിച്ച സാഹചര്യത്തിലുമാണ് ട്രേഡ് യൂണിയനുകൾക്ക് കൂടി സ്വീകാര്യമായ ഒരു ധാരണയിലേക്കെത്താൻ കഴിഞ്ഞ ​ദിവസം ചേർന്ന മുന്നണി തല യോഗത്തിൽ തീരുമാനമായത്. നിയമസഭയിലടക്കം അഴിമതി ആരോപണം ശക്തമാക്കാൻ യു ഡി എഫ് തീരുമാനിച്ചിട്ടുണ്ട്. എകെജി സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം കെഎസ്ഇബിയിലെ തർക്കം തീർക്കാൻ ഫോർമുലയായെന്നാണ് വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു. എൽഡിഎഫ് കൺവീന‍ർ എ വിജയരാ​ഘവൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, വൈദ്യുതി മന്ത്രി കൃഷ്ണൻ കുട്ടി, മുൻ വൈദ്യുതി മന്ത്രി എം എം മണി എന്നിവരാണ് എകെജി സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ച‍ർച്ചകളിൽ പങ്കെടുത്തത്.ഈ ചർച്ചയിലെ ഫോർമുലയുടെ അടിസ്ഥാനത്തിലാണ് ഇന്ന് മന്ത്രി ട്രേഡ‍് യൂണിയനുകളുമായി ചർച്ച നടത്തി ഒത്തുതീർപ്പിലേക്ക് എത്തിയത്.

Leave a Reply