അമേരിക്കയില്‍ മൂന്നു വര്‍ഷം മുമ്പ്‌ കാണാതായ ആറു വയസുകാരിയെ ഗോവണിപ്പടിക്കു താഴെയുള്ള രഹസ്യമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി

0

ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ മൂന്നു വര്‍ഷം മുമ്പ്‌ കാണാതായ ആറു വയസുകാരിയെ ഗോവണിപ്പടിക്കു താഴെയുള്ള രഹസ്യമുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.
കുട്ടിയുടെ പിതാവിനെയും മുറിയില്‍നിന്നു പോലീസ്‌ പിടികൂടി. മാതാപിതാക്കള്‍തന്നെയാണ്‌ ഇത്രയുംകാലം കുട്ടിയെ മുത്തച്‌ഛന്റെ വീടിനുള്ളില്‍ ഒളിപ്പിച്ചതെന്നും എന്തിനാണ്‌ ഇതു ചെയ്‌തതെന്ന കാര്യം വ്യക്‌തമല്ലെന്നും ന്യൂയോര്‍ക്ക്‌ പോലീസ്‌ പറഞ്ഞു.
പൈസ്‌ലി ഷുല്‍റ്റിസ്‌ എന്ന കുട്ടിയെ 2019-ലാണ്‌ ന്യൂയോര്‍ക്കില്‍നിന്ന്‌ കാണാതായത്‌. കുട്ടിയുടെ മാതാപിതാക്കളായ കിംബെര്‍ലി കൂപ്പര്‍ ഷുല്‍റ്റിസും കിര്‍ക്കുമാണ്‌ തിരോധാനത്തിനു പിന്നിലെന്ന്‌ ആരോപണമുയര്‍ന്നിരുന്നു.
ഇവരുടെ താമസസ്‌ഥലത്തുനിന്ന്‌ 240 കിലോമീറ്റര്‍ അകലെ സ്‌പെന്‍സര്‍ പട്ടണത്തിലെ ഒരു വീട്ടില്‍ കുട്ടിയെ പൂട്ടിയിട്ടിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ്‌ ഇവിടെ പോലീസ്‌ പരിശോധന നടത്തിയത്‌. ഒരു മണിക്കൂറിലേറെ തെരച്ചില്‍ നടത്തിയശേഷമാണ്‌ വീട്ടിലേക്കു കയറുന്ന ഗോവണിപ്പടിക്കു താഴെയുള്ള രഹസ്യമുറി പോലീസ്‌ കണ്ടെത്തിയത്‌. മുറിക്കുള്ളില്‍നിന്ന്‌ കുട്ടിയെയും കിംബെര്‍ലിയെയും കണ്ടെത്തിയതായി പോലീസ്‌ പറഞ്ഞു. കുട്ടി എവിടെയാണെന്ന്‌ അറിയില്ലെന്നാണ്‌ പിതാവ്‌ ഉള്‍പ്പെടെയുള്ളവര്‍ ഇത്രയും കാലം തങ്ങളോടു പറഞ്ഞിരുന്നതെന്നു പോലീസ്‌ മേധാവി ജോസഫ്‌ സിനാഗ്ര പറഞ്ഞു. കുട്ടി പൂര്‍ണ ആരോഗ്യവതിയാണ്‌.
ശാരീരിക പീഡനം നടന്നതായി പ്രാഥമികപരിശോധനയില്‍ തെളിഞ്ഞിട്ടില്ല. കുട്ടിയെ ഒളിപ്പിച്ചതിനും അപായപ്പെടുത്താന്‍ ശ്രമിച്ചതിനും മാതാപിതാക്കള്‍ക്കെതിരേ കേസെടുത്തതായും പോലീസ്‌ പറഞ്ഞു.

Leave a Reply