തിരുവനന്തപുരം : ചെയര്‍മാന്റെ ഗുരുതര ആരോപണങ്ങളില്‍ ഷോക്കേറ്റ വൈദ്യുതി ബോര്‍ഡിനെതിരേ അക്കൗണ്ടന്റ് ജനറലിന്റെ വിമര്‍ശനവും. സര്‍ക്കാരിനെ അറിയിക്കാതെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച കെ.എസ്.ഇ.ബിയുടെ നടപടിയെ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ വിമര്‍ശിച്ച രേഖകളാണ് ഇന്നലെ പുറത്തുവന്നത്. കെ.എസ്.ഇ.ബി. ചെയര്മാന് ബി. അശോക് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഉന്നയിച്ച വിമര്‍ശനം ശരിവയ്ക്കുന്നതാണു സി.എ.ജി. റിപ്പോര്‍ട്ട്.
ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതു സര്‍ക്കാര്‍ അനുമതിയോടെ വേണമെന്ന ഉത്തരവുണ്ടായിട്ടും അതു പാലിക്കാതെ വര്‍ധന വരുത്തിയ നടപടി ചട്ടവിരുദ്ധമാണെന്നും കെ.എസ്.ഇ.ബിയുടെ നഷ്ടം ഇതിലൂടെ വര്‍ധിക്കുമെന്നും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ ചൂണ്ടിക്കാട്ടിയതായി രേഖകളിലുണ്ട്. ഈ നഷ്ടമടക്കം നികത്താനാണ് നിരക്കു വര്‍ധനയ്ക്കായി താരിഫ് പെറ്റീഷന് കെ.എസ്.ഇ.ബി. റഗുലേറ്ററി കമ്മിഷനു സമര്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന ധനവകുപ്പിന്റെ ഉത്തരവു മറികടന്ന് കമ്പനി ഫുള്‍ബോര്‍ഡ് അംഗീകാരം പോലും ഇല്ലാതെ 1200 കോടി ബാധ്യത ഏറ്റെടുത്തതു പൂര്‍ണ ഉത്തരവാദിത്വമുള്ള സമീപനമാണോ എന്ന വിമര്‍ശനം കെ.എസ്.ഇ.ബി. ചെയര്‍മാനും ഉന്നയിച്ചിരുന്നു.
നഷ്ടമുണ്ടാക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നായ കെ.എസ്.ഇ.ബിയുടെ 2021 മാര്‍ച്ചിലെ നഷ്ടം 7,160.42 കോടി രൂപയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ശമ്പളവും ആനുകൂല്യവും വര്‍ധിപ്പിക്കുമ്പോഴുണ്ടാകുന്ന വാര്‍ഷിക അധികബാധ്യത 543 കോടിയാണ്. പെന്ഷന് പരിഷ്കരണം കൂടിയാകുമ്പോള്‍ നഷ്ടം കൂടും. കേഡര്‍ പേ സംവിധാനം തുടരരുതെന്ന് 2016 ല്‍ തന്നെ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കെ.എസ്.ഇ.ബിയിലെ ജീവനക്കാരുടെ ശമ്പളവും അലവന്‍സും വര്‍ധിപ്പിക്കുമ്പോള്‍ പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാരുമായി ആലോചിക്കണമെന്നും മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും ഇക്കാര്യം ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളും ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
സ്ഥാപനങ്ങള്‍ ശമ്പളവര്‍ധന നടപ്പാക്കുകയും പിന്നീട് സര്‍ക്കാരിന്റെ അനുമതി വാങ്ങുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കണമെന്ന് 2021 ജനുവരി 18ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭയുടെ അനുമതിയോടെയേ സ്ഥാപനങ്ങള്‍ ശമ്പളവര്‍ധന നടപ്പാക്കാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. എന്നാല്‍, 2021 ഫെബ്രുവരി 15ന് ചേര്‍ന്ന ബോര്‍ഡ് യോഗം വര്‍ക്ക്മെന്‍ ഓഫീസര്‍മാരുടെ ശമ്പളം 2018 ഓഗസ്റ്റ് ഒന്ന്, ജൂലൈ ഒന്ന് എന്ന മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതിലൂടെ പ്രതിമാസം 45.25 കോടി രൂപയുടെ അധികബാധ്യതയുണ്ടായി.
2021 ഫെബ്രുവരി 26ന് ഇതു സംബന്ധിച്ച ഉത്തരവ് കെ.എസ്.ഇ.ബി. പുറത്തിറക്കി. മാര്‍ച്ച് മുതല്‍ പുതുക്കിയ ശമ്പളം നല്‍കാനായിരുന്നു നിര്‍ദേശം. ശമ്പള ആനുകൂല്യ ഇനത്തില്‍ 1,011 കോടിരൂപ കുടിശിക നല്‍കാനും തീരുമാനിച്ചു. യോഗത്തിനുശേഷമാണ് സര്‍ക്കാരിനോട് അനുമതി തേടിയത്. 1,011 കോടിയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് സര്‍ക്കാരിനെ അറിയിച്ചില്ല. 2016 ലെ ശമ്പളആനുകൂല്യവര്ധനയ്ക്കും സര്‍ക്കാരില്‍നിന്ന് അനുമതി തേടിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ധനകാര്യ സെക്രട്ടറിയും ഊര്‍ജ സെക്രട്ടറിയും അംഗങ്ങളായുള്ള ബോര്‍ഡ് യോഗം എടുത്ത തീരുമാനമായതിനാല്‍ സര്‍ക്കാരില്‍നിന്ന് പ്രത്യേക അനുമതി വാങ്ങേണ്ടതില്ലെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ അഭിപ്രായം. സ്ഥാപനം സ്വന്തം വരുമാനമാണ് ആനുകൂല്യമായിനല്കുന്നതെന്നതിനാല് മന്ത്രിസഭായോഗത്തിന്റെ അനുമതി വേണ്ടെന്നും സംഘടനകള്‍ അഭിപ്രായപ്പെടുന്നു.