എന്നുതീരും റഷ്യയുടെ ‘നാറ്റോ ഫോബിയ’; യുക്രൈനെ വെച്ചുള്ള വിലപേശൽ ക്ലെെമാക്സിലേക്കോ?

0

യുദ്ധസന്നാഹങ്ങളുമായി യുക്രൈനെ വളഞ്ഞിരിക്കുകയാണ് റഷ്യ. രണ്ടാംലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. വരും ആഴ്ചകളിൽ യുക്രൈനെ ആക്രമിക്കാൻ കഴിയുംവിധം റഷ്യ ഒരുങ്ങിയെന്നും സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്നുമാണ് അമേരിക്ക പറയുന്നത്. എന്നാൽ ഒരു ആക്രമണത്തിന് തങ്ങൾ ഇല്ലെന്ന നിലപാടിൽ തന്നെയാണ് റഷ്യ ഇപ്പോഴും.

അതിർത്തിയിൽ സെെനികരെ അണിനിരത്തി യുദ്ധത്തിന് പൂർണസജ്ജരായിരുന്നു റഷ്യ. എന്നാൽ ചൊവ്വാഴ്ചയോടെ തങ്ങൾ കുറച്ചു സെെനികരെ യുക്രെെൻ അതിർത്തിയിൽ നിന്നും പിൻവലിക്കുകയാണെന്ന് റഷ്യ അറിയിച്ചു. യുക്രെെനുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ നിന്ന് അഭ്യാസം നടത്തുന്ന ചില സൈനികരെ പിൻവലിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

യുക്രൈന്റെ വടക്കും കിഴക്കും തെക്കും തെക്കുപടിഞ്ഞാറും അതിർത്തികളിൽ 100,000-ൽ അധികം റഷ്യൻ സൈനികരാണ് വിന്യസിക്കപ്പെട്ടത്. യുദ്ധത്തിനല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ സന്നാഹങ്ങളെല്ലാം? റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനോടുള്ള പാശ്ചാത്യരാജ്യങ്ങളുടെ ചോദ്യമിതാണ്. പുതിൻ അതിനു വ്യക്തമായ ഉത്തരം നൽകുന്നില്ല. അതോടെ അമേരിക്കയും സഖ്യകക്ഷികളും യുക്രൈന്റെ സംരക്ഷണത്തിനിറങ്ങി. സംഘർഷം കനത്തു. എന്നാൽ പാശ്ചാത്യരാജ്യങ്ങളാണ് ആക്രമണോത്സുകത കാട്ടുന്നതെന്നാണ് റഷ്യയുടെ നിലപാട്.

Mathrubhumi Malayalam Newsഅതിർത്തിയിൽ നിന്ന് ബോസുകളിലേക്ക് തിരികെ കൊണ്ടുപോകുന്ന റഷ്യൻ ടാങ്കുകൾ | ചിത്രം: AP
വലിയ തോതിലുള്ള സൈനിക അഭ്യാസങ്ങൾ തുടരുമെന്നും ചില യൂണിറ്റുകൾ തങ്ങളുടെ താവളങ്ങളിലേക്ക് മടങ്ങുകയാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചെങ്കിലും എത്ര സെെനികരെ പിൻവലിക്കാൻ പോകുന്നുവെന്ന് റഷ്യ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് നിലവിലെ സാഹചര്യത്തിൽ സമ്മർദ്ദം കുറയ്ക്കുമെങ്കിലും യുദ്ധഭീതി പൂർണമായും അകറ്റുമെന്ന് കരുതാനാവില്ല. വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply