ഏത് നിമിഷവും യുക്രെയ്നിലേക്ക് റഷ്യൻ സൈന്യം ഇരച്ച് കയറാം’: ഉപഗ്രഹ ചിത്രങ്ങൾ

0


വാഷിങ്ടൻ ∙ ബുധനാഴ്ചയ്ക്കകം റഷ്യ യുക്രെയ്നെ ആക്രമിച്ചേക്കുമെന്ന യുഎസ് മുന്നറിയിപ്പിനു പിന്നാലെ ഉപഗ്രഹ ചിത്രങ്ങളിൽ തെളിയുന്നത് യുദ്ധത്തിനായി സർവസജ്ജമായ റഷ്യൻ സൈനിക വിന്യാസം. യുഎസ് ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ മാക്സർ തിങ്കളാഴ്ച പുറത്തുവിട്ട പുതിയ ഉപഗ്രഹ ചിത്രങ്ങളിലാണ് ബെലാറൂസ്, ക്രൈമിയ, പടിഞ്ഞാറൻ റഷ്യ എന്നിവിടങ്ങളിൽ റഷ്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്നതായി സ്ഥിരീകരിക്കുന്നത്.

അറ്റാക്ക് എയർക്രാഫ്റ്റുകൾ, ഫൈറ്റർ ജെറ്റുകൾ, ‌ഹെലികോപ്റ്ററുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവ മേഖലയെ ലക്ഷ്യമാക്കി നീങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ക്രൈമിയയുടെ അതിർത്തിപ്രദേശങ്ങളിൽനിന്ന് കഴിഞ്ഞ വ്യാഴാഴ്ച പകർത്തിയ ചിത്രത്തിൽ, ഉപേക്ഷിക്കപ്പെട്ട എയർഫീൽഡിൽ 550ലധികം സൈനിക കൂടാരങ്ങളും നൂറുകണക്കിന് കവചിത വാഹനങ്ങളും പുതിയതായി എത്തിയതായി സ്ഥിരീകരിച്ചിരുന്നു.

ഏത് നിമിഷവും യുക്രെയ്നിലേക്ക് ഇരച്ചുകയറാനായി റഷ്യൻ സൈനികർ കാത്തിരിക്കുകയാണെന്നാണ് യുഎസ് നിഗമനം. ക്രൈമിയൻ ഉപദ്വീപിന്റെ വടക്കുപടിഞ്ഞാറൻ തീരത്തും പുതിയ സൈനിക വിന്യാസം കണ്ടെത്തിയിരുന്നു. യുക്രെയ്ൻ അതിർത്തിയിൽ ആഴ്ചകളായി ഒരുലക്ഷത്തിലേറെ റഷ്യൻ സൈനികരാണ് യുദ്ധസജ്ജരായി നിലയുറപ്പിച്ചിട്ടുള്ളത്. യുക്രെയ്നു തെക്ക് ബെലാറൂസ് അതിർത്തിയിൽ കഴിഞ്ഞ 10 ദിവസമായി റഷ്യൻ പട്ടാളം സൈനികാഭ്യാസം നടത്തിവരികയാണ്. യുക്രെയ്നിൽനിന്ന് റഷ്യ എട്ടു വർഷം മുൻപ് പിടിച്ചെടുത്ത ക്രൈമിയ ഉപദ്വീപ് തീരത്തു റഷ്യയുടെ ആറു യുദ്ധക്കപ്പലുകളും ഒരു മുങ്ങിക്കപ്പലും അഭ്യാസം തുടങ്ങിയിരുന്നു.

യുക്രെയ്‌ൻ അതിർത്തിയിലെ റഷ്യൻ സേനാ സന്നാഹങ്ങൾ പിൻവലിക്കണമെന്നാണു പാശ്ചാത്യശക്തികളുടെ ആവശ്യം. എന്നാൽ, കിഴക്കൻ യൂറോപ്പിലെ നാറ്റോ–യുഎസ് സേനാ താവളങ്ങൾ ഒഴിവാക്കണമെന്നും യുക്രെയ്നിനെ നാറ്റോ സഖ്യത്തിൽ ചേർക്കരുതെന്നുമാണു റഷ്യയുടെ ആവശ്യം.

റഷ്യയുടെ സഖ്യകക്ഷിയായ ചൈനയുടെ അതൃപ്തി ഒഴിവാക്കാൻ 20 നു ബെയ്ജിങ് ശീതകാല ഒളിംപിക്സ് തീരും വരെ പുടിൻ കാത്തിരിക്കുമെന്നാണ് യുഎസ് ഇന്റലിജൻസ് കരുതിയിരുന്നതെന്നാണ് വിവരം. എന്നാൽ, യുക്രെയ്ൻ അതിർത്തിയിലേക്കു കഴിഞ്ഞദിവസം കൂടുതൽ റഷ്യൻ സേന നീങ്ങിയതോടെയാണ് ഒളിംപിക്സ് തീരും വരെ പുടിൻ കാത്തിരിക്കില്ലെന്നും ബുധനാഴ്ചയ്ക്കകം വ്യോമാക്രമണം ആരംഭിച്ചേക്കുമെന്നും യുഎസ് ഏജൻസികൾ കണക്കുകൂട്ടുന്നത്.

Leave a Reply