ക്ഷേത്രത്തിലെ ദേശത്താലവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ കുമാരപുരത്ത്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

0

ഹരിപ്പാട്‌: ക്ഷേത്രത്തിലെ ദേശത്താലവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്‌ കുമാരപുരത്ത്‌ ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. സുഹൃത്തിനും വെട്ടേറ്റു. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക്‌ വാര്യംകാട്‌ ശരത്‌ ഭവനത്തില്‍ ചന്ദ്രന്‍-സുനിത ദമ്പതികളുടെ മകന്‍ ശരത്‌ചന്ദ്രനാ(അക്കു-26)ണ്‌ മരിച്ചത്‌. ഒപ്പമുണ്ടായിരുന്ന ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകന്‍ മനോജി(25)ന്‌ വെട്ടേറ്റു. ബുധനാഴ്‌ച രാത്രി പന്ത്രണ്ടോടെ കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റ്‌ കരിപ്പൂത്തറ ജങ്‌ഷനു സമീപമായിരുന്നു സംഭവം.
പുത്തന്‍കരിയില്‍ ദേവീക്ഷേത്രത്തിലെ താലപ്പൊലി എഴുന്നള്ളത്തിനിടെ ശരത്തും മറ്റൊരാളുമായി വാക്കേറ്റമുണ്ടായി. പിന്നാലെ സംഘമായെത്തി ശരത്തിനോട്‌ തര്‍ക്കമായി. തുടര്‍ന്നു പിരിഞ്ഞുപോയ സംഘം ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. വയറ്റില്‍ കുത്തേറ്റു വീണ ശരത്‌ചന്ദ്രനെയും കൈയ്‌ക്ക്‌ വെട്ടേറ്റ മനോജിനെയും സഹോദരങ്ങള്‍ ആദ്യം ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു.
അവിടെനിന്ന്‌ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ശരത്ത്‌ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ കുമാരപുരം സ്വദേശികളായ നാലുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ലഹരിമരുന്ന്‌ സംഘമാണ്‌ അക്രമത്തിനു പിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം.
ഒരാഴ്‌ച മുമ്പ്‌ കഞ്ചാവുമായി മണികണ്‌ഠന്‍ചിറ ഭാഗത്ത്‌ വന്ന സംഘത്തെ ശരത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ്‌ ക്ഷേത്രത്തില്‍ പ്രശ്‌നങ്ങളുണ്ടായതെന്നാണ്‌ വിവരം.
സ്വകാര്യ ബാങ്കിലെ കളക്‌ഷന്‍ ഏജന്റായ ശരത്ത്‌ അവിവാഹിതനാണ്‌. സഹോദരന്‍: ശംഭു. കൊലപാതകത്തിനു പിന്നില്‍ സി.പി.എം പിന്തുണയുള്ള ലഹരി മാഫിയയാണെന്ന്‌ ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ്‌ കെ. സോമന്‍ ആരോപിച്ചു. മുഖ്യമന്ത്രി സമ്മേളനത്തിനായി ജില്ലയില്‍ മൂന്നു ദിവസം ഉണ്ടായിരുന്നപ്പോഴാണ്‌ കൊലപാതകമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply