അത്ര പോസിറ്റീവല്ല പ്ലേഓഫ്‌ സാധ്യതകൾ; കോച്ചിന്റെ ‘പഞ്ചതന്ത്രം’ കാത്ത് ആരാധകർ!

0

കൊച്ചി ∙ ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഒരു സീസണിലെ ഏറ്റവും കൂടുതൽ വിജയങ്ങളും എക്കാലത്തെയും ഉയർന്ന പോയിന്റും നേടി തിളങ്ങുമ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനായിട്ടില്ല. ക്ലൈമാക്സ് ഘട്ടത്തിലേയ്ക്കു കടക്കുന്ന ലീഗിൽ വുക്കൊമനോവിച്ചിന്റെ ടീമിനെ കാത്തിരിക്കുന്നതു കടുപ്പക്കാരായ എതിരാളികൾ. നാലു ടീമുകൾക്കു മാത്രം ഇടമുള്ള പ്ലേഓഫ് ലക്ഷ്യമിട്ട് ഇരട്ടിയിലേറെ സംഘങ്ങൾ കളത്തിലിറങ്ങുന്ന കടുകട്ടി പോരാട്ടങ്ങൾ കൂടിയാകുന്നതോടെ ബ്ലാസ്റ്റേഴ്സിനു മുന്നിലെ കടമ്പകൾക്കു ഉയരമേറും.

ഇരുപതു മത്സരങ്ങളുള്ള ലീഗിലെ 15 മത്സരങ്ങളിൽ നിന്നായി ഏഴു ജയവും അഞ്ചു സമനിലയുമായി 26 പോയിന്റുകളാണു ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. സീസണിലെ നാലിൽ മൂന്നു മത്സരങ്ങളും പിന്നിടുമ്പോൾ മൂന്നാം സ്ഥാനത്തായി സുരക്ഷിതരെന്നു തോന്നിപ്പിക്കുന്നതാണു പോയിന്റ് ടേബിളെങ്കിലും മുന്നിലെ ഫിക്സ്ചർ നൽകുന്ന ചിത്രം അതല്ല. എടികെ മോഹൻ ബഗാൻ, ഹൈദരാബാദ് എഫ്സി, ചെന്നൈയിൻ എഫ്സി, മുംബൈ എഫ്സി, എഫ്സി ഗോവ …വെറും 15 ദിവസത്തിനുള്ളിൽ ബ്ലാസ്റ്റേഴ്സിന് എതിരിടേണ്ട ടീമുകൾ നിസ്സാരക്കാരല്ല.

എഫ്സി ഗോവ ഒഴികെയുള്ള എതിരാളികളെല്ലാംതന്നെ പ്ലേഓഫ് സാധ്യതകൾ സജീവമായി നിലനിർത്തുന്നവരാണെന്നതും മത്സരങ്ങളുടെ കടുപ്പമേറ്റുന്നുണ്ട്. ഓരോ മത്സരം പിന്നിടുമ്പോഴും പ്ലേഓഫ് സാധ്യതകൾ മാറിമറിയുന്ന സ്ഥിതിയിലാണ് ഐഎസ്എലിന്റെ ക്ലൈമാക്സ് പോരാട്ടങ്ങൾ. ഹൈദരാബാദും മോഹൻ ബഗാനും 29 പോയിന്റുമായി തലപ്പത്തു നിൽക്കുന്ന ലീഗിൽ ബ്ലാസ്റ്റേഴ്‌സിന്റെ തൊട്ടുപിന്നിൽതന്നെ ജംഷദ്പുരും മുംബൈയും ബംഗളുരുവുമുണ്ട്. നാലു മത്സരം ബാക്കിയുള്ള ഒഡീഷയ്ക്കും ചെന്നൈയിനും ചെറുതെങ്കിലും തള്ളിക്കളയാൻ ആകാത്ത സാധ്യതകളുടെ ബലമുണ്ട്.

ഇനിയുള്ള എതിരാളികളിൽ മോഹൻ ബഗാൻ ഒഴികെയുള്ള ടീമുകൾക്കെതിരെ ഈ സീസണിൽ പരാജയപ്പെട്ടിട്ടില്ല എന്ന അനുകൂലഘടകമുണ്ടെങ്കിലും രണ്ടാമൂഴത്തിൽ ബ്ലാസ്റ്റേഴ്സ് പഴയ ബ്ലാസ്റ്റേഴ്സല്ല എന്ന വസ്തുത ചോദ്യചിഹ്നമായി തെളിയുന്നു. കോവിഡ് പിടികൂടിയതിന്റെ അവശതകളാണു വുക്കൊമനോവിച്ചിന്റെ ടീമിന്റെ പ്രയാണത്തെ പ്രയാസമേറിയതാക്കുന്നത്. കോവിഡാനന്തര സംഭാവനയെന്നു പറയാവുന്ന പരുക്കുകളും കൂടിയാകുമ്പോൾ വെല്ലുവിളിയേറും.

ഈസ്റ്റ് ബംഗാളിനെതിരെ പകരക്കാരുടെ ബഞ്ചിൽ മൂന്നു ഗോൾ കീപ്പർമാരെ നിരത്തിയാണു സ്ക്വാഡ് തികച്ചത് എന്നതിലുണ്ട് ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രതിസന്ധിയുടെ ആഴം. ഈ സീസണിൽ ടീമിന്റെ കരുത്തുകളിലൊന്നായി മാറിയ പ്രതിരോധ നിരയിലെ നാലു പേരും ഇല്ലാതെയായിരുന്നു ഈസ്റ്റ് ബംഗാളിനെതിരെ കേരള ടീമിറങ്ങിയത്.

എന്നിട്ടും ക്ലീൻ ഷീറ്റ് ജയത്തോടെ മടങ്ങാനായതു ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. അതേ സമയം, ആക്രമണത്തിലും മധ്യത്തിലും പഴയ താളവും വേഗവും ഊർജവും വീണ്ടെടുക്കാത്തത് ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. ഉജ്വല ഫോമിൽ കളിക്കുന്ന ബഗാനും ഹൈദരാബാദിനും മുഖം മിനുക്കിയെത്തുന്ന മുംബൈയ്ക്കുമെല്ലാമെതിരെ ഈസ്റ്റ്‌ ബംഗാൾ, നോർത്ത് ഈസ്റ്റ് മത്സരങ്ങളിൽ കാഴ്ചവച്ച ഗോളന്വേഷണം മതിയാകില്ല.

അൽവാരോ വാസ്കെസും അഡ്രിയൻ ലൂണയും ഹോർഹെ പെരേരയും ഉൾപ്പെടുന്ന ബ്ലാസ്റ്റേഴ്സ് ആക്രമണത്തിന്റെ ‘കോർ’ ഉയർന്ന തലത്തിലെത്തിയെങ്കിൽ മാത്രമേ വിജയത്തെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. മധ്യത്തിൽ മനോഹരവും ചടുലവും തന്ത്രപരവുമായ നീക്കങ്ങളിലൂടെ കളം വാണ ബ്ലാസ്റ്റേഴ്‌സ് ആയി വുക്കൊമനോവിച്ചിന്റെ യുവതാരക്കൂട്ടം തിരിച്ചെത്തേണ്ടതും പ്ലേഓഫ്‌ സ്വപ്നം പൂർത്തീകരിക്കാൻ അനിവാര്യമാണ്.

15.25 കോടി വിലയുള്ള ഇഷാൻ കിഷനും ടീമിൽ ഇടം ഉറപ്പില്ല; ഇത് ‘കളി വേറെ’!
∙ ഇനിയുള്ള മത്സരങ്ങളെല്ലാം കനത്ത വെല്ലുവിളി ഉയർത്തുന്നവയാണ്. ലീഗ് അവസാന ഘട്ടത്തിലേക്കു കടക്കുമ്പോൾ ടീമുകളെല്ലാം ഏതു വിധേനയും പോയിന്റ് നേടാനുള്ള ലക്ഷ്യത്തിലാകും കളത്തിലെത്തുക. ശാരീരികമായും മാനസികമായും കടുത്ത അധ്വാനം വേണ്ടിവരുന്നതാണീ പോരാട്ടങ്ങൾ. ചെറിയ പിഴവുകൾ പോലും വലിയ വ്യത്യാസം സൃഷ്ടിക്കും. നമ്മുടെ ഗെയിം ശരിയായ ദിശയിൽ മുന്നോട്ടു കൊണ്ടു പോകാനും പരമാവധി പോയിന്റ് നേടാനുമാണു ശ്രമം. അതിൽ വിജയിക്കാൻ ആകുമെന്നാണു പ്രതീക്ഷ. – ഇവാൻ വുക്കൊമനോവിച്ച്, ബ്ലാസ്റ്റേഴ്‌സ് കോച്ച്

Leave a Reply