സൗഹൃദ സംഭാഷണമില്ല, കയ്യടിയില്ല, ഗ്രൂപ്പ് ഫോട്ടോയുമില്ല; അതീവ ഗൗരവത്തിൽ സഭ

0

തിരുവനന്തപുരം ∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലുള്ള തർക്കങ്ങളുടെ പശ്ചാത്തലത്തിൽ സഭാന്തരീക്ഷം പതിവിലും വിരുദ്ധമായി ഗൗരവപൂർണമായിരുന്നു. പതിവുള്ള സൗഹൃദ സംഭാഷണങ്ങളോ ഗവർണറോടൊപ്പമുള്ള സാമാജികരുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കൽ ചടങ്ങോ ഇത്തവണ ഉണ്ടായില്ല. സർക്കാരിന്റെ നയങ്ങൾ പ്രഖ്യാപിക്കുമ്പോൾ സഭയിലെ ഡെസ്കിലടിച്ച് സന്തോഷം പ്രകടിപ്പിക്കാറുള്ള ഭരണപക്ഷ അംഗങ്ങൾ ഇത്തവണ മിതത്വം പാലിച്ചു. അപൂർവം സന്ദർഭങ്ങളിൽ നേർത്ത കയ്യടി മാത്രമാണുണ്ടായത്.

സർക്കാരും ഗവർണറും തമ്മിൽ തർക്കമുണ്ടാകുമ്പോൾ സാധാരണ നിലയിൽ ഗവർണറെ അനുകൂലിക്കുന്ന പ്രതിപക്ഷവും കടുത്ത എതിർപ്പിലായിരുന്നു. പ്രസംഗം ആരംഭിക്കുന്നതിനു മുൻപുതന്നെ പ്രതിപക്ഷം പ്രതിഷേധവുമായി സീറ്റുകളിൽനിന്ന് എഴുന്നേറ്റു. മൂന്നു കാര്യങ്ങൾ കൊണ്ട് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം കേൾക്കാൻ താൽപര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ലോകായുക്ത നിയമഭേദഗതി പ്രസിഡന്റിന്റെ അനുമതിക്കായി അയയ്ക്കാതെ ഗവർണർ ഒപ്പുവച്ചു, കണ്ണൂർ സർവകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ താൽപര്യങ്ങൾക്കു വഴങ്ങി, ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഒപ്പുവച്ച ഉടനെ സഭാസമ്മേളനം വിളിച്ചു ചേർക്കാൻ അനുമതി കൊടുത്തത് സഭയെ അവഹേളിക്കലാണ്.

പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ കേട്ടതോടെ ഗവർണർ ക്ഷുഭിതനായി. നിങ്ങൾക്ക് എല്ലാ കാര്യങ്ങളും ചർച്ചാ വേളയിൽ ചർച്ച ചെയ്യാമെന്നും പ്രതിഷേധിക്കേണ്ട സമയം ഇതല്ലെന്നും ഗവർണർ പറഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ ചില ഉത്തരവാദിത്തങ്ങൾ വി.ഡി.സതീശന് ഉണ്ടെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷം സഭ വിട്ടിറങ്ങി പുറത്ത് പ്രതിഷേധം ആരംഭിച്ചു.

ഗവർണർ പ്രസംഗം വായിക്കുന്നതു നിസ്സംഗതയോടെയാണു ഭരണപക്ഷം കേട്ടിരുന്നത്. ഗവർണർ വിമർശിച്ചതിനെ തുടർന്നു സ്ഥാനത്തുനിന്നു മാറ്റിയ മുൻ പൊതുഭരണ സെക്രട്ടറി കെ.ആർ.ജ്യോതിലാലും പ്രസംഗം കേൾക്കാൻ ഉദ്യോഗസ്ഥ ഗ്യാലറിയിൽ ഉണ്ടായിരുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഭാഗങ്ങൾ ഗവർണർ വായിച്ചു. സംസ്ഥാനത്തെ ബാധിക്കുന്ന സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര നടപടിയും, സഹകരണ ഫെഡറലിസത്തിലെ കേന്ദ്ര നയവ്യത്യാസവുമെല്ലാം മാറ്റമില്ലാതെ ഗവർണർ പരാമർശിച്ചു. പ്രസംഗത്തിനിടയിൽ ചില ഭാഗങ്ങൾ ഒഴിവാക്കുകയാണെന്ന് സ്പീക്കറോട് ഗവർണർ പറഞ്ഞു. ചില വകുപ്പുകൾ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചുള്ള ഭാഗമാണ് ഒഴിവാക്കിയത്.

രാവിലെ ഒൻപതിനു തുടങ്ങിയ പ്രസംഗം 10.05ന് അവസാനിച്ചു. പ്രസംഗം അവസാനിച്ചശേഷം മടങ്ങിയ ഗവർണറെ സഭയ്ക്കു പുറത്തുവരെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും മന്ത്രി കെ.രാധാകൃഷ്ണനും അനുഗമിച്ചു. വരും ദിവസങ്ങളിൽ ബജറ്റ് ചർച്ച നടക്കുമ്പോൾ ഗവർണർക്കെതിരെ ഉയരാവുന്ന ശക്തമായ വിമർശനങ്ങളുടെ മുന്നോടിയാണു ഭരണപക്ഷ നിസ്സംഗത എന്നാണു ലഭിക്കുന്ന വിവരം. നയപ്രഖ്യാപന പ്രസംഗം കഴിയുന്നതുവരെ ഗവർണറെ പ്രകോപിപ്പിക്കുന്ന നടപടികൾ വേണ്ടെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം. ബിജെപി നേതാക്കൾ പറയുന്നത് കേട്ടാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന ആരോപണവും പാര്‍ട്ടി നേതാക്കൾ ഉന്നയിക്കുന്നു. ഗവർണറുടെ നിലപാടുകൾക്ക് അതേരീതിയിൽ തിരിച്ചടി നൽകാനാണ് പാർട്ടി ആലോചന.

Leave a Reply