നയപ്രഖ്യാപനം ഒപ്പിടാതെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‌ മുന്നില്‍ വഴങ്ങിക്കൊടുത്തതില്‍ ഇടതുമുന്നണിയില്‍ അതൃപ്‌തി

0

തിരുവനന്തപുരം നയപ്രഖ്യാപനം ഒപ്പിടാതെ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ഖാന്‌ മുന്നില്‍ വഴങ്ങിക്കൊടുത്തതില്‍ ഇടതുമുന്നണിയില്‍ അതൃപ്‌തി. പൊതുഭരണ സെക്രട്ടറി സ്‌ഥാനത്തുനിന്നും കെ.ആര്‍. ജ്യോതിലാലിനെ മാറ്റികൊണ്ട്‌ ഗവര്‍ണറുടെ പിടിവാശിക്ക്‌ കീഴടങ്ങത്‌ തെറ്റായിപ്പോയി എന്നാണ്‌ സി.പി.ഐയുടെ നിലപാട്‌. സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ ഇതു പരസ്യമായി പ്രകടിപ്പിച്ചു.
ഗവര്‍ണറേയും സര്‍ക്കാരിനെയും ഒരുപോലെ വിമര്‍ശിച്ചുകൊണ്ടായിരുന്നു കാനത്തിന്റെ പ്രതികരണം. സംസ്‌ഥാനത്തിന്റെ ഭരണഘടനാ ബാധ്യത നിറവേറ്റേണ്ട ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ വിലപേശിയത്‌ ശരിയായില്ലെന്ന്‌ അദ്ദേഹം തുറന്നടിച്ചു. രാജ്‌ഭവനില്‍ നടക്കുന്നത്‌ അത്ര ശരിയായ കാര്യം ആണെന്നു ജനങ്ങള്‍ക്ക്‌ തോന്നുന്നില്ല. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കാന്‍ ഗവര്‍ണര്‍ക്ക്‌ ബാധ്യതയുണ്ട്‌. ഗവര്‍ണര്‍ക്ക്‌ സര്‍ക്കാര്‍ വഴങ്ങാന്‍ പാടില്ലായിരുന്നു.
അത്‌ ശരിയായ രീതിയല്ലെന്നും കാനം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണറെ കാണാന്‍ പോയതിലുള്ള അതൃപ്‌തിയും അദ്ദേഹം പ്രകടിപ്പിച്ചു. അത്‌ എന്തിനാണെന്നു മുഖ്യമന്ത്രിയോടു ചോദിക്കണമെന്നായിരുന്നു പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട അനിശ്‌ചിത്വത്തിനിടെ ഘടകകക്ഷി മന്ത്രിമാരുമായി കൂടിയാലോചന നടത്താത്തതിലും സി.പി.ഐക്ക്‌ കടുത്ത അമര്‍മുണ്ട്‌. വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ സി.പി.എം. മാത്രം തീരുമാനമെടുത്തതിലും അതൃപ്‌തിയുണ്ട്‌. അടുത്ത മുന്നണിയോഗത്തില്‍ അവര്‍ ഇത്‌ ഉയര്‍ത്തുമെന്നാണു സൂചന. പാര്‍ട്ടി മുഖപത്രമായ ജനയുഗവും ഗവര്‍ണറുടെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ചു. ഭരണഘടനാ വിരുദ്ധമായ നടപടി സ്വീകരിച്ച ഗവര്‍ണറെ നിലയ്‌ക്ക്‌ നിര്‍ത്തണമെന്നാണ്‌ മുഖപത്രത്തിലെ വിമര്‍ശനം. ഗവര്‍ണര്‍ പദവി രാഷ്‌ട്രീയ അല്‍പ്പത്തരത്തിന്‌ ഉപയോഗിക്കരുതെന്നും സി.പി.ഐ അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍ സ്‌ഥാനത്തിരുന്നുകൊണ്ട്‌ നേരത്തെ ആരിഫ്‌ മുഹമ്മദ്‌ഖാന്‍ ഉയര്‍ത്തിവിട്ട വിവാദങ്ങളും മുഖപ്രസംഗം വിശദീകരിക്കുന്നുണ്ട്‌. കേന്ദ്രത്തിന്റെ രാഷ്‌ട്രീയ അല്‍പ്പത്തരം നടപ്പാക്കാനുള്ള സ്‌ഥാപനങ്ങളല്ല ഗവര്‍ണര്‍ പദവി. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ഹീനശ്രമങ്ങള്‍ സംസ്‌ഥാനങ്ങളിലെ പ്രതിപക്ഷ സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി നിന്ന്‌ എതിര്‍ത്തുതോല്‍പ്പിക്കണമെന്നും ജനയുഗം ആഹ്വാനം ചെയ്യുന്നു.

Leave a Reply