ഗൾഫിലുള്ള ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം താമസമായതോടെ ലഹരി സുലഭമായി കിട്ടി; ഷിബുവിനൊപ്പം തൻസീല കൊച്ചിയിലെത്തിയത് കൂടുതൽ കിക്ക് കിട്ടുന്ന സ്റ്റഫ് തേടി; ഇടപ്പള്ളിയിലെ ലഹരിസംഘത്തിൽ 24കാരി എത്തിയത് ഇങ്ങനെ

0

കൊച്ചി: ഇടപ്പള്ളി മയക്കുമരുന്ന് കേസിലെ കേസിലെ എട്ടാം പ്രതിയായ കൊല്ലം സ്വദേശിനി എസ്. തൻസീലയെ മയക്കുമരുന്ന് സംഘത്തിലെത്തിച്ചത് പ്രണയം. ഭർത്താവും ഒരു കുട്ടിയുമുള്ള 24കാരി കേസിലെ അഞ്ചാം പ്രതിയായ ഷിബുവുമായി പ്രണയത്തിലാകുകയായിരുന്നു. ഇവരുടെ ഭർത്താവ് ​ഗൾഫിലാണ്. പിന്നീട് ഭർത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഷിബുവിനൊപ്പം താമസമാക്കി. ഷിബു കൊലക്കേസ് പ്രതികൂടിയാണ്. ഷിബുവാണ് യുവതിയെ ലഹരി ഉപയോ​ഗിക്കാൻ ശീലിപ്പിച്ചത്.

(24) ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കേസിലെ അഞ്ചാം പ്രതിയായ ഷിബു (37) വിനോടൊപ്പം താമസിച്ചു വരികയായിരുന്നു. ഷിബുവിനെതിരേയും ഏഴാം പ്രതിയായ ആലപ്പുഴ സ്വദേശി ശരത്തി (33) നെതിരേയും കരുനാഗപ്പള്ളിയിൽ കൊലപാതക കേസുണ്ട്. യുവതി എക്സൈസ് പിടിയിലാകുമ്പോൾ ലഹരി മരുന്ന് ഉപയോ​ഗിച്ച ശേഷം അബോധാവസ്ഥയിലായിരുന്നു. കൊല്ലത്തു നിന്നുമുള്ള യുവാക്കളുടെ സംഘത്തിനൊപ്പമാണ് തൻസീല എത്തിയത്.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് എട്ടുപേർ കൊച്ചി മാമം​​ഗലത്തെ ഹോട്ടലിൽ നിന്ന് പിടിയിലായത്. മയക്കുമരുന്ന് വിൽപനക്കെത്തിയ നാലുപേരും, കൊല്ലത്ത് നിന്ന് മയക്കുമരുന്ന് വാങ്ങാനെത്തിയ സ്ത്രീയുൾപ്പട്ട സംഘത്തിലെ നാലുപേരുമാണ് പിടിയിലായത്.ആലുവ സ്വദേശി റെച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ്, കണ്ണൂർ സ്വദേശി സൽമാൻ, കൊല്ലം സ്വദേശികളായ ഷിബു, ജുബൈർ, തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്. ശരത്തിനും ഷിബുവിനുമെതിരെ കൊലക്കേസ് നിലവിലുണ്ട്. മൂന്നു പേർ ഗൾഫിൽ മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിഞ്ഞിരുന്നവരുമാണ്.

സൗദിയിലും ഇവർ മയക്കുമരുന്നുമായി പിടിയിലാകുകയും പിന്നീട് പൊതുമാപ്പ് ലഭിച്ച് നാട്ടിലെത്തുകയുമായിരുന്നു. എറണാകുളം മുപ്പത്തടം സ്വദേശി റിച്ചു റഹ്‌മാൻ (30), മലപ്പുറം സ്വദേശി മുഹമ്മദ് അലി (32), കണ്ണൂർ സ്വദേശി പി.എം. സൽമാൻ (26) എന്നിവരാണ് സൗദിയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത്. ഇവർക്ക് 25 വർഷം തടവുശിക്ഷയും വിധിച്ചതാണ്. എന്നാൽ രണ്ട് വർഷം മുൻപ് പൊതുമാപ്പ് ലഭിച്ച് നാട്ടിൽ തിരിച്ചെത്തുകയായിരുന്നു.

നാട്ടിലെത്തിയ മൂന്നം​ഗ സംഘം ലഹരി ബിസിനസ് നിർത്തിയില്ല. നാട്ടിലും മയക്കുമരുന്ന് വില്പന തുടർന്നു. ഇടപ്പള്ളിയിൽ ഹോട്ടൽ മുറി വാടകയ്ക്ക് എടുത്താണ് പ്രതികൾ മയക്കുമരുന്ന് വില്പന നടത്തിവന്നത്. തൃശ്ശൂർ സ്വദേശിയായ കെ.ബി. വിബീഷ് (32) ആണ് ഇവരെ ഇവിടെ സഹായിച്ചത്. 15 ദിവസമായി റിച്ചു റഹ്‌മാൻ, മുഹമ്മദ് അലി, സൽമാൻ, വിബീഷ് എന്നിവർ ഇടപ്പള്ളിയിൽ താമസിച്ചുവരികയായിരുന്നു. ഒരു ഇടപാടിനു വേണ്ടി മാത്രമായിരിക്കില്ല ഇവർ തങ്ങിയതെന്നും കൂടുതൽ ഇടപാട് നടത്തിയതായുമാണ് സംശയിക്കുന്നത്.

56 ഗ്രാം എം.ഡി.എം.എ.യുമായാണ് കഴിഞ്ഞ ദിവസം ഇവർ പിടിയിലാകുന്നത്. യുവതിയടക്കം എട്ടുപേരാണ് ഇടപ്പള്ളിയിലെ ഹോട്ടൽ മുറിയിൽ നിന്നും അറസ്റ്റിലായത്. എറണാകുളം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഇപ്പോൾ അന്വേഷിക്കുന്ന കേസ് എക്‌സൈസ് അസിസ്റ്റന്റ് കമ്മിഷണർക്ക് കൈമാറും എന്നാണ് റിപ്പോർട്ട്. വലിയ കേസായതിനാൽ അസിസ്റ്റന്റ് കമ്മിഷണർ തലത്തിൽ അന്വേഷിക്കേണ്ടി വരുമെന്ന് ഡെപ്യൂട്ടി കമ്മിഷണർ പി.വി. ഏലിയാസ് പറഞ്ഞു. കേസ് അടുത്ത ദിവസംതന്നെ കൈമാറും.

പിടികൂടിയ സാംപിൾ കോടതിയുടെ സാന്നിധ്യത്തിൽ ശേഖരിച്ചിട്ടുണ്ട്. ഇത് പരിശോധനയ്ക്ക് അയയ്ക്കും. ഇടപ്പള്ളിയിൽ ഹോട്ടൽ മുറി വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് വില്പന നടത്തിയവരുമായി ഇടപാടിനെത്തിയ യുവതിയെയും കൂടെയുള്ളവരെയും അടക്കം എട്ട് പ്രതികളെ ചൊവ്വാഴ്ച പുലർച്ചെയാണ് സംസ്ഥാന എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേർന്ന് പിടികൂടിയത്. ബുധനാഴ്ച രാവിലെ പ്രതികളെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതികളുടെ 10 മൊബൈൽ ഫോണുകൾ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. പ്രതികൾ പരിചയപ്പെട്ടത് വിദേശത്തുവെച്ചാണെന്നും പലരും വിദേശത്ത് ജോലി ചെയ്തവരാണെന്നും ആദ്യവട്ട ചോദ്യം ചെയ്യലിൽ തെളിഞ്ഞിരുന്നു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യണമെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്.

ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തെങ്കിലും മയക്കുമരുന്ന് ലഹരി വിട്ട് പ്രതികളെ ചോദ്യം ചെയ്യാൻ മണിക്കൂറുകളെടുത്തു. മയക്കുമരുന്ന് വലിയ്ക്കാനുള്ള ഹുക്ക, പ്രത്യേക സജ്ജീകരണങ്ങളുള്ള ലൈറ്റർ, അളന്നു വിൽക്കുന്നതിനുള്ള ഉപകരണങ്ങൾ, നിരവധി മൊബൈൽ ഫോണുകൾ എന്നിവയും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.തൊടുപുഴ, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള യുവാക്കളും മയക്കുമരുന്ന് വാങ്ങാൻ ഹോട്ടലിലെത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം ദിവസങ്ങളായി ഹോട്ടലിൽ നിരീക്ഷണം നടത്തി വരികയായിരുന്നു. ഒടുവിൽ എക്സൈസിനേക്കൂടി സഹകരിപ്പിച്ച് റെയിഡ് നടത്തുകയായിരുന്നു. മലപ്പുറത്ത് നിന്നെത്തിയ സംഘമാണ് വിൽപ്പനക്കെത്തിയത്. കൊല്ലത്ത് നിന്ന് വാങ്ങാനും ആളുകളെത്തി. ഇതിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. രണ്ടു സംഘങ്ങളും എത്തിയ മൂന്ന് കാറുകളും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

വിദേശത്ത് ജോലി ചെയ്തിരുന്നവരാണ് പ്രതികളിൽ മിക്കവരും. അവിടെ വെച്ചുള്ള പരിചയത്തിലാണ് മയക്കുമരുന്ന് വിൽപ്പനയിലേക്ക് കടന്നത്. ഓൺലൈൻ സൈറ്റുകൾ വഴിയാണ് ഇവർ ഹോട്ടൽ റൂമുകൾ ബുക്ക് ചെയ്ത് വരുന്നതെന്നാണ് വ്യക്തമായത്. എക്സൈസ്-കസ്റ്റംസ് സംഘത്തിന് വിൽപന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നതായാണ് സൂചന. ഇവരും ഇവിടെ റൂം എടുത്തിരുന്നതായാണ് വിവരം. തുടർന്ന് മയക്കുമരുന്ന് സംഘത്തിന്റെ നീക്കം നിരീക്ഷിച്ചുവരികയായിരുന്നു. മലപ്പുറത്ത് നിന്നുള്ള സംഘം ബെംഗളൂരുവിൽ നിന്ന് എം.ഡി.എം.എ. എത്തിച്ചതെന്നാണ് ചോദ്യം ചെയ്യലിൽ പറഞ്ഞിരിക്കുന്നത്.

കസ്റ്റംസ് പ്രിവൻ്റീവ് അസിസ്റ്റന്റ് കമ്മിഷണർ പി.ജി. ലാലൂ, സൂപ്രണ്ട് വിവേക് വി., ഇൻസ്പെക്ടർമാരായ ലിജിൻ ജെ. കമൽ, ഷിനുമോൻ അഗസ്റ്റിൻ, റമീസ് റഹീം, മനീഷ് (ഇൻസ്‌പെക്ടർ), എക്സൈസ് ഇൻസ്പെക്ടർമാരായ ടി. അനികുമാർ, ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടമാരായ മുകേഷ് കുമാർ, മധുസൂദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.എം. അരുൺ കുമാർ, ബസന്ത് കുമാർ, സുബിൻ, രാജേഷ്, അനൂപ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എൽ.എം. ധന്യ, എസ്. നിഷ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Leave a Reply