ലഖിംപുർ ഖേരി: ആശിഷ് മിശ്രയ്ക്ക് ജാമ്യം; പുറത്തിറങ്ങിയത് പിൻ ഗേറ്റിലൂടെ

0

ലക്നൗ ∙ ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സമരം ചെയ്യുന്ന കർഷകർക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റി ആളുകളെ കൊലപ്പെടുത്തിയെന്ന‌ കേസിൽ ജയിലിലായിരുന്ന മുഖ്യപ്രതി ആശിഷ് മിശ്ര പുറത്തിറങ്ങി. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ്. കഴിഞ്ഞ വർഷം ജയിലിലായ ആശിഷിന് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞയാഴ്ചയാണു ജാമ്യം അനുവദിച്ചത്.

കേരള വിരുദ്ധ പ്രസ്താവനയിൽ ഉറച്ച് യോഗി ആദിത്യനാഥ്
പതിവില്ലാത്തവിധം ജയിലിനു പിന്നിലെ ഗേറ്റിലൂടെയാണ് ആശിഷ് പുറത്തിറങ്ങിയത്. 3 ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യമല്ലാതെ പ്രത്യേകിച്ചു നിബന്ധനകളൊന്നുമില്ലെന്ന് അഭിഭാഷകൻ അവ്‍ദേഷ് കുമാർ സിങ് പറഞ്ഞു. മകനു ജാമ്യം കിട്ടിയതിനെക്കുറിച്ച് ആരാഞ്ഞപ്പോൾ പുഞ്ചിരി മാത്രമായിരുന്നു അജയ് മിശ്രയുടെ പ്രതികരണം. ആശിഷിനു ജാമ്യം കിട്ടിയതു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന യുപിയിൽ വലിയ ചർച്ചാ വിഷയമായി.

കർഷകരും പ്രതിപക്ഷ പാർട്ടികളും ഇതിനെ വിമർശിച്ചു. ആശിഷിന്റെ ജാമ്യത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്നു കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. കേസ് ദുർബലപ്പെടുത്താൻ പൊലീസിനുമേൽ സമ്മർദമുണ്ടെന്നും അതാണു ജാമ്യം ലഭിക്കുന്നതിനു കാരണമായതെന്നും കർഷകർ ആരോപിച്ചു. ലഖിംപുർ പ്രദേശത്ത് നാലാംഘട്ടമായ 23നാണ് വോട്ടെടുപ്പ്. കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനു സമരക്കാർക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റിയതിനെതുടർന്നു നാലു കർഷകരും ഒരു മാധ്യമപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.

Leave a Reply