ഉറക്കം അകറ്റാനും വേഗം കൂട്ടാനും നിരോധിത പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്ന കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ പിടിയില്‍

0

പാലക്കാട്‌: ഉറക്കം അകറ്റാനും വേഗം കൂട്ടാനും നിരോധിത പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്ന കെ.എസ്‌.ആര്‍.ടി.സി. ഡ്രൈവര്‍മാര്‍ പിടിയില്‍. കഴിഞ്ഞയാഴ്‌ച കുഴല്‍മന്ദം വെള്ളപ്പാറയില്‍ കെ.എസ്‌.ആര്‍.ടി.സി. ബസിടിച്ച്‌ രണ്ട്‌ യുവാക്കള്‍ ദാരുണമായി മരിച്ച സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ തിങ്കളാഴ്‌ച രാത്രി പാലക്കാടിനും ആലത്തൂരിനും ഇടയില്‍ ദേശീയപാതയില്‍ മോട്ടോര്‍ വാഹന വകുപ്പ്‌ നടത്തിയ മിന്നല്‍ പരിശോധനയിലാണ്‌ സംഭവം കണ്ടെത്തിയത്‌. ഒരു മണിക്കൂറിനുള്ളില്‍ 12 ബസുകള്‍ പരിശോധിച്ചപ്പോള്‍ അതില്‍ ഒന്‍പത്‌ ഡ്രൈവര്‍മാരും നിരോധിത പാന്‍മസാല, പുകയില തുടങ്ങിയവ ഉപയോഗിക്കുന്നതായി കണ്ടെത്തി.
ഓടിക്കുന്നതിനിടെ കഴിക്കാന്‍ പോക്കറ്റിലും ബാഗിലും അടിവസ്‌ത്രത്തിലും ഒളിപ്പിച്ച നിലയിലാണ്‌ ഇവ കണ്ടെത്തിയത്‌. പരിശോധനയ്‌ക്കിടെ കടലയും കായവറുത്തതുമാണെന്ന്‌ പറഞ്ഞ്‌ ചിലര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിശദമായ പരിശോധിച്ചപ്പോള്‍ ഇവരില്‍നിന്നു പുകയില ഉല്‍പന്നങ്ങള്‍ കണ്ടെത്തുകയായിരുന്നെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ വ്യക്‌തമാക്കി. പരിശോധന വിവരം ചോര്‍ന്നതോടെ പുറകെ വന്ന ജീവനക്കാര്‍ കൈയിലുള്ള ലഹരി ഉല്‍പന്നങ്ങള്‍ വലിച്ചെറിഞ്ഞെന്നും വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും മോട്ടോര്‍ വാഹന വകുപ്പ്‌ അറിയിച്ചു.
തിങ്കളാഴ്‌ച രാത്രി തുടങ്ങിയ പരിശോധന ഇന്നലെ പുലര്‍ച്ചെ വരെ നീണ്ടു. ഉറക്കം വരാതിരിക്കാനും കൃത്യമായ വേഗതയില്‍ മുന്നേറാനും പുകയില ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നെന്നാണ്‌ ഡ്രൈവര്‍മാരുടെ വാദം. എന്നാല്‍ അധികം ലഹരി ഉല്‍പന്നങ്ങള്‍ കഴിച്ചാല്‍ ഉറക്കത്തിനും അപകടത്തിനുമിടയാക്കുമെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ അധികൃതര്‍ പറഞ്ഞു. പരിശോധനയ്‌ക്കിടെ കാലാവധി കഴിഞ്ഞിട്ടും ലൈസന്‍സ്‌ പുതുക്കാതെ ജോലിയെടുക്കുന്ന കണ്ടക്‌ടറെയും പിടികൂടിയിട്ടുണ്ട്‌. ഇവര്‍ക്കെതിരേ വകുപ്പതല നടപടിക്ക്‌ ശിപാര്‍ശ ചെയ്യുമെന്ന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ അറിയിച്ചു. ശിപാര്‍ശ പരിശോധിച്ച്‌ ന്യായമാണെങ്കില്‍ ഡ്രൈവര്‍മാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന്‌ കെ.എസ്‌.ആര്‍.ടി.സി. എ.ടി.ഒ. ടി.എ. ഉബൈദ്‌ പറഞ്ഞു.

Leave a Reply