പെൺകുട്ടികളെ ഹോട്ടലിൽ എത്തിക്കാൻ ‘തട്ടിക്കൂട്ട് ബിസിനസ് മീറ്റ്’; കൂടിക്കാഴ്ച 15 മിനിറ്റിൽ താഴെ

0

കൊച്ചി∙ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലിലെ പോക്സോ കേസിലെ ഇര ഉൾപ്പടെയുള്ള പെൺകുട്ടികളുടെ സംഘത്തെ പ്രതി അഞ്ജലി റീമാദേവ് കൊച്ചിയിലെത്തിച്ചത് തട്ടിക്കൂട്ടിയ ബിസിനസ് മീറ്റിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേനയെന്നു സ്ഥിരീകരണം. മാളിൽ തലേദിവസം വിളിച്ചു തന്റെ പക്കൽ നിക്ഷേപകരും പദ്ധതികളുമുണ്ടെന്നു പറഞ്ഞു പെട്ടെന്നു സംഘടിപ്പിച്ചതായിരുന്നു കൂടിക്കാഴ്ചയെന്ന് മാൾ മാനേജർ മനോരമ ഓൺലൈനോടു പറഞ്ഞു.

ബിസിനസ് മീറ്റ് എന്ന പേരിൽ ഇവർ നടത്തിയ കൂടിക്കാഴ്ചകൾ തട്ടിക്കൂട്ടിയതാണെന്നു പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. 15 മിനിറ്റിൽ താഴെ മാത്രമുള്ള കൂടിക്കാഴ്ചയാണ് നടന്നത്. കോഴിക്കോട്ടുനിന്നുള്ള പെൺകുട്ടികളെ നമ്പർ 18 ഹോട്ടലിലെത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ വ്യക്തമായതെന്ന് അന്വേഷണ സംഘവും പറഞ്ഞു.

മാസങ്ങൾക്കു മുൻപ് അഞ്ജലി ഏതാനും പെൺകുട്ടികളുമായെത്തി ബിസിനസ് വാഗ്ദാനങ്ങൾ നടത്തുകയും ഷോപ്പുകൾ തുറക്കുന്നതും മറ്റു കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തതായി മാൾ മാനേജർ പറയുന്നു. സംഘത്തിൽ മുതിർന്ന ഒരു സ്ത്രീയും അഞ്ജലിയും 25 വയസ്സിൽ താഴെ മാത്രം പ്രായമുള്ള പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്. ഫോർമൽ വസ്ത്രം ധരിച്ചിരുന്നതിനാൽ പെട്ടെന്നു ശ്രദ്ധിച്ചെങ്കിലും സംശയാസ്പദമായിരുന്നു ഇവരുടെ ഇടപെടൽ.

മറ്റൊരു മാളിൽ ഇവർക്ക് ഓഫിസുണ്ടെന്നു പറഞ്ഞാണ് പരിചയപ്പെടുത്തിയത്. മാളിൽ ചുറ്റിക്കറങ്ങി ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളെല്ലാം കണ്ടെങ്കിലും ഗൗരവമായ സംഗതിയല്ലെന്നു തോന്നിയതിനാൽ പ്രോത്സാഹിപ്പിച്ചില്ല. കൂടുതൽ വിവരങ്ങൾ കൈമാറണമെന്നു പറഞ്ഞെങ്കിലും നൽകിയില്ല. തിരികെ ബന്ധപ്പെടാമെന്നു പറഞ്ഞാണു പോയത്. എന്നാൽ തുടർചർച്ചകൾ ഉണ്ടായില്ലെന്നും മാൾ അധികൃതർ പറഞ്ഞു.

അതേസമയം, അഞ്ജലി മുൻകൂട്ടി പറഞ്ഞതുപ്രകാരം കൊച്ചിയിലെ ബിസിനസ് മീറ്റിൽ പങ്കെടുക്കാൻ താനും ഭർത്താവും മകളും വരാനാണ് തീരുമാനിച്ചിരുന്നതെന്നു പരാതിക്കാരി പറയുന്നു. ഭർത്താവു വരുമെന്നറിഞ്ഞ് ഇവർ പരിപാടി മാറ്റിവച്ചതായി നുണ പറഞ്ഞു. പിന്നീട് ഭർത്താവ് അദ്ദേഹത്തിന്റെ ബിസിനസ് നടത്തുന്ന സ്ഥലത്തേയ്ക്കു തിരിച്ചുപോയതറിഞ്ഞു മീറ്റിങ് മാറ്റിവച്ചിട്ടില്ലെന്നും രാത്രിയിൽ തന്നെ പുറപ്പെടണമെന്നും പറയുകയായിരുന്നു. എല്ലാവരോടും പെട്ടെന്നു തയാറാകാൻ ആവശ്യപ്പെട്ട് ടാക്സി സംഘടിപ്പിച്ചു കൊച്ചിയിലേയ്ക്കു പുറപ്പെടുകയായിരുന്നെന്നും പരാതിക്കാരി പറയുന്നു.

പെൺകുട്ടികളെ ഹോട്ടലിൽ എത്തിക്കുകയും ദുരുപയോഗം ചെയ്യുന്നതിനുമായി അഞ്ജലി ബിസിനസ് മീറ്റ് എന്ന മറപിടിക്കുകയായിരുന്നെന്നാണ് പരാതിക്കാരി പൊലീസിനു നൽകിയിരിക്കുന്ന മൊഴി. ഇക്കാര്യം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടികളെ കൊണ്ടുവന്നതായും ഹോട്ടലിൽ താമസിപ്പിച്ചതായും അഞ്ജലി സമ്മതിക്കുന്നതിന്റെ ശബ്ദരേഖ പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇവർ ഒളിവിലാണ്.

ബുധനാഴ്ച കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിനാണ് പൊലീസ് തീരുമാനം. ഒന്നാം പ്രതി റോയി വയലാറ്റ് ഉൾപ്പെടെ മൂന്നു പ്രതികളുടെയും ലൊക്കേഷൻ അന്വേഷണ ചുമതയുള്ള പ്രത്യേക സംഘം ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു വിളിച്ചപ്പോൾ താൻ കോവിഡ് പോസിറ്റീവാണെന്നായിരുന്നു റോയി അറിയിച്ചത്. ഇതു കള്ളമാണെന്നാണു പൊലീസ് വിലയിരുത്തൽ.

നേരത്തെ, മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ റോയിയെ പൊലീസ് അറസ്റ്റു ചെയ്തെങ്കിലും ആരോഗ്യകാരണം പറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. ഇതിനിടെ ഇരയുടെ പേരുവിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനു പരാതി ലഭിച്ചാൽ അഞ്ജലിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply