ഗവര്‍ണറുടെ ക്ഷോഭത്തില്‍ തെറിച്ച ജ്യോതിലാല്‍ നയപ്രഖ്യാപനം കേള്‍ക്കാന്‍ സഭാ ഗാലറിയില്‍

0

തിരുവനന്തപുരം∙ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രീതിപ്പെടുത്താനായി സംസ്ഥാന സര്‍ക്കാര്‍, പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇന്നലെ മാറ്റിയ ജ്യോതിലാല്‍ നയപ്രഖ്യാപന പ്രസംഗം കേള്‍ക്കാന്‍ സഭാ ഗ്യാലറിയില്‍ എത്തി. ഗവര്‍ണറുടെ അഡീഷനല്‍ പിഎ ആയി ബിജെപി നേതാവ് ഹരി എസ്.കര്‍ത്തായെ നിയമിച്ച് ഉത്തരവ് ഇറക്കിയതിനൊപ്പം പൊതുഭരണ (ജിഎഡി) പ്രിന്‍സിപ്പല്‍ സെക്രട്ടറി വിയോജനക്കുറിപ്പ് നല്‍കിയത് വന്‍വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

ക്ഷുഭിതനായ ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിടില്ലെന്നു പറഞ്ഞതോടെ സര്‍ക്കാര്‍ കുരുക്കിലാകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. തുടര്‍ന്ന് തിരികെ എകെജി സെന്ററിലെത്തിയ മുഖ്യമന്ത്രി സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി ജ്യോതിലാലിനെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ജ്യോതിലാലിനെ മാറ്റിയ വിവരം ചീഫ് സെക്രട്ടറി വി.പി.ജോയ് രാജ്ഭവനിലെത്തി ഗവര്‍ണറെ നേരിട്ട് അറിയിച്ചു. തുടര്‍ന്നാണ് അദ്ദേഹം നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പു വയ്ക്കാന്‍ തയാറായത്.

Leave a Reply