കോൽക്കത്ത: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി-20യിൽ ഇന്ത്യയ്ക്ക് എട്ട് റണ്‍സ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരന്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിന് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 178 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
നിക്കോളാസ് പൂരന്റെയും റോവ്മാൻ പവലിന്റെയും മിന്നും പ്രകടനം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തിയെങ്കിലും വിജയം രോഹിത്തും ടീമും കൈപിടിയിൽ ഒതുക്കി.
41 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 62 റണ്‍സാണ് പൂരൻ അടിച്ചുകൂട്ടിയത്. പവൽ 36 പന്തിൽ അഞ്ച് സിക്സും നാല് ഫോറും ഉൾപ്പെടെ 68 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പൂരനും പവലും ചേർന്ന് 100 റണ്‍സിന്റെ കൂട്ട്കെട്ടാണ് പടുത്തുയർത്തത്. ബ്രാൻഡൻ കിംഗ് 22 റണ്‍സും നേടി.
ഇന്ത്യയ്ക്കായി ഭൂവനേശ്വർ കുമാറും ചഹലും രവി ബിഷ്ണോയും ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെയും ഋഷഭ് പന്തിന്റെയും അർധ സെഞ്ചുറിയുടെ കരുത്തിലാണ് 186 റണ്‍സെടുത്തത്.
41 പന്തിൽ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടെ 52 റണ്‍സാണ് കോഹ്ലി നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച പന്ത് 28 പന്തിൽ ഒരു സിക്സും ഏഴ് ഫോറും ഉൾപ്പെടെ 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു.
വെങ്കിടേഷ് അയ്യരും മിന്നും പ്രകടനം കാഴ്ചവച്ചു. 18 പന്തിൽ ഒരു സിക്സും നാല് ഫോറും ഉൾപ്പെടെ 33 റണ്‍സാണ് അയ്യർ അടിച്ചെടുത്തത്. രോഹിത് ശർമ്മ 19 റണ്‍സും നേടി